ഓപ്പറേഷന്‍ ആഗ്; പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ പിടിയിലായത് 25 പേര്‍, അറസ്റ്റിലായത് ഗുണ്ടകളും ലഹരി കേസ് പ്രതികളും ഉള്‍പ്പെടെ
പേരാമ്പ്ര: ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ പിടിയിലായത് 25 പേര്‍. ഇതില്‍ പേരാമ്പ്ര സ്റ്റേഷന്‍ പരിധിയില്‍ അഞ്ചും കുറ്റ്യാടിയില്‍ ഏഴും, തൊട്ടില്‍പ്പാലം നാലും പെരുവണ്ണാമൂഴി ഒന്‍പതും വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്.
ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ‘ഓപറേഷന്‍ ആഗ്’ എന്ന പേരില്‍ പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി ജില്ലയില്‍ ആകെ 283 പേരാണ് പിടിയിലായത്.
റൂറല്‍ പോലീസ് മേധാവി ആര്‍. കറുപ്പ സ്വാമിയുടെ നേതൃത്വത്തിലാണ് പേരാമ്പ്ര, നാദാപുരം, താമരശ്ശേരി, വടകര പോലീസ് ഡിവിഷനുകളില്‍ പരിശോധന നടത്തിയത്. ഇതില്‍ സാമൂഹിക വിരുദ്ധരായ 102 പേര്‍, മയക്കുമരുന്ന് കേസുകളിലുള്‍പ്പെട്ട 45 പേര്‍, വാറന്റ് പ്രതികളായ 26 പേര്‍, പിടികിട്ടാപ്പുള്ളികളായ 13 പേര്‍ എന്നിവരാണ് പിടിയിലായത്.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് 15ഓളം പൊലീസുകാര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനക്ക് ഡിവൈ.എസ്.പിമാരായ എം.സി. കുഞ്ഞിമോയിന്‍ കുട്ടി (പേരാമ്പ്ര), വി.വി. ലതീഷ് (നാദാപുരം), ആര്‍. ഹരിപ്രസാദ് (വടകര),ടി.കെ. അഷറഫ് (താമരശ്ശേരി) എന്നിവര്‍ നേതൃത്വം നല്‍കി.
സിറ്റി പോലീസ് പരിധിയില്‍ 97 പേരാണ് പിടിയിലായത്. ഇതില്‍ 69 സാമൂഹിക വിരുദ്ധരെയും എട്ട് വാറന്റ് കേസില്‍ ഉള്‍പ്പെട്ടവരെയും മൂന്ന് പിടികിട്ടാപ്പുള്ളികളെയും മറ്റു കേസുകളില്‍ ഉള്‍പ്പെട്ട ഏഴുപേരെയുമാണ് പിടികൂടിയതെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാല്‍ മീണ അറിയിച്ചു. പൊലീസ് കാപ്പ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരും പിടിയിലായിട്ടുണ്ട്.
അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇതില്‍ ചിലരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. നിലവിലെ ഓപറേഷനില്‍നിന്ന് ഒഴിവായവരെ തുടര്‍ന്ന് നിരീക്ഷിക്കുകയും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.