തുടർച്ചയായുള്ള സൈബർ ആക്രമണം; കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിലൂടെ ശ്രദ്ധേയയായ കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ആത്മഹത്യയ്ക്ക് ശ്രമിച്ചു


കൊയിലാണ്ടി: സൈബർ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ആത്മഹത്യ ശ്രമം നടത്തി. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിരുന്നു ജസ്‌ന. താൻ ആത്മഹത്യ ചെയ്യുന്നുവെന്ന വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്‌ന ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയതെന്ന് പ്രദേശവാസി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

അമിതമായ അളവിൽ ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ലൈവ് കണ്ട നാട്ടുകാർ ഉടനെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. അത്തോളി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില നിലവിൽ ഗുരുതരാവസ്ഥയിലാണെന്ന് പ്രദേശവാസി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയതിനു ശേഷം ജസ്‌ന രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആർഎസ്എസ് കാര്യാലയം സന്ദർശിച്ച സുരേഷ് ഗോപിക്കൊപ്പവും, കാര്യാലയത്തിൽ ജസ്‌ന ആർഎസ്എസ് നേതാക്കൾക്കൊപ്പവും നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് നിരവധി അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ജസ്‌ന നേരിട്ടിരുന്നത്.