കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍; പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസ്


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. സംഘടകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിന് പരിപാടിയുടെ സംഘാടകരായ കോഴിക്കോട് ജെ.ഡി.ടി കോളേജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. പോലീസിനെ ആക്രമിച്ചതിനു കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവെച്ചു.

കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനായാണ് കോഴിക്കോട് ജെ.ഡി.ടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു.

ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകള്‍ ബീച്ചിലെത്തുകയായിരുന്നു. തിരക്ക് കൂടിയതോടെ സംഘടാകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇതില്‍ പ്രകോപിതരായ ഒരു സംഘം ആളുകൾ വാക്ക് തര്‍ക്കം ഉണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് എത്തി സംഗീത പരിപാടി നിര്‍ത്തി വയ്പ്പിച്ചു. പിന്നീട് പലതവണ ലാത്തി വീശിയാണ് പ്രശ്‌നക്കാരെ അവിടെ നിന്ന് മാറ്റിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയായിരുന്നു.

summary: one person arrested in kozhikode beach clash during music program conducted by jdt college palliative care