‘മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം’, ഒരുകിലോ സ്വര്‍ണ്ണം കടത്തിയാൽ ആറ് ലക്ഷം രൂപവരെ ലാഭം; യുവാക്കളുൾപ്പെടെയുള്ളവരെ കാരിയർമാരാകാൻ പ്രേരിപ്പിക്കുന്നത് കുറഞ്ഞസമയത്തെ വൻ ലാഭം, പരിശോധനകൾക്കും കടിഞ്ഞാണിടാനാവാതെ സ്വർണ്ണക്കടത്ത്
പേരാമ്പ്ര: സ്വർണ്ണക്കടത്തും അതിനെ തുടർന്നുള്ള തട്ടിക്കൊണ്ടുപോകലുകളും ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ നിന്ന് കടത്താൻ ശ്രമിക്കുന്ന സ്വർണ്ണം പിടികൂടുന്നുണ്ടെങ്കിലും കാരിയര്‍മാരെ കള്ളക്കടത്ത് സംഘങ്ങൾക്ക് സുലഭമായി ലഭിക്കുന്നുമുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് സ്വർണ്ണമെത്തിച്ചാൽ ഒറ്റയടിക്ക് ലക്ഷക്കണക്കിന് രൂപ കയ്യിൽകിട്ടുന്നതാണ് ഇതിന് യുവാക്കളെ അടക്കം പ്രേരിപ്പിക്കുന്നത്.
ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കും. ഏത് വിധേനയും കടത്താന്‍ കാരിയര്‍മാരും തയ്യാറാണ്. സ്വര്‍ണ്ണക്കടത്ത് കൊഴുക്കുന്നതിന് മുഖ്യകാരണവും ഇതാണ്. അതിനാൽ മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണമെന്ന മനോഭാവമാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ സ്വർണ്ണം കടത്തിയ രണ്ടുപേർ കരിപ്പൂരിൽ പിടിയിലായിരുന്നു.
കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വിമാനമിറങ്ങിയ രണ്ട് പേരെയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണവുമായി പിടികൂടിയത്. സ്വര്‍ണ്ണ മിശ്രിതം ഗുളിക രൂപത്തിലാക്കിയാണ് വിരുതന്‍മാര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഓരോരുത്തരും നാല് ഗുളികകള്‍ വീതമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചത്. കസ്റ്റംസ് പക്ഷെ കണ്ടെടുത്തു.
കോഴിക്കോട് സ്വദേശിയായ സുഹൈല്‍, വയനാട് സ്വദേശി റയീസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സുഹൈല്‍ എയര്‍ ഇന്ത്യ
എക്സ്പ്രസ്സ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയത്. ഒരു കിലോ മുപ്പത്തൊന്ന് ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ഗുളിക രൂപത്തില്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച രീതിയില്‍ കണ്ടെത്തിയത്.
എയര്‍ ഇന്ത്യ എക്സപ്രസ്സ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് റയീസ് എത്തിയത്. റയീസില്‍ നിന്ന് ഒരു കിലോ മുപ്പത് ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. ഇയാളും സമാന രീതിയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇരുവരില്‍ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോ ഇരുപത്തിയാറ് ഗ്രാം സ്വര്‍ണ്ണം. വിപണിയില്‍ ഒരുകോടിയിലേറെ രൂപയാണ് ഇതിന് വില.
വിദേശത്തുനിന്ന് കടത്തിയ സ്വർണ്ണം തിരികെ നല്ഡകണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മെയ് പതിമൂന്നിനാണ് യുവാവ് ദുബെെയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്നു കോഴിക്കോടേക്ക് പോയിരുന്നു. ദുബായിൽ നിന്ന് വരുമ്പോൾ ഇർഷാദ് സ്വർണ്ണം കൊണ്ടുവന്നെന്നും ഇവ തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ വീട്ടിലേക്ക് വരാൻ തുടങ്ങി. ഇർഷാദിനനെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആദ്യം കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇർഷാദിനെ കെട്ടിയിട്ടുള്ള ഫോട്ടോ കുടുംബത്തിന് അയച്ചു കൊടുത്തിരുന്നു. സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്നുള്ള ഭീഷണി ആവർത്തിക്കുകയും ചെയ്തു. ഇതേ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകുകയായിരുന്നു. സമാന സംഭവങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ പത്ത് വര്‍ഷത്തെ കണക്കെടുത്താന്‍ കേരളം മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ഏഴ് മാസം പിന്നിടുമ്പോള്‍ നാനൂറ്റി എഴുപത് കേസുകള്‍ പിടികൂടി കഴിഞ്ഞു. നികുതി വെട്ടിച്ച് വന്‍ ലാഭം കൊയ്യാമെന്നതാണ് സ്വര്‍ണ്ണക്കള്ളകടത്ത് കൂടാന്‍ പ്രധാന കാരണം. കേസുകള്‍ പലതും തെളിയിക്കപ്പെടാറുമില്ല. അതിനാല്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന കാര്യം പലപ്പോഴും പുറത്ത് വരാറില്ല. പിടികൂടിയാലും നികുതിയടച്ച് തടിതപ്പാമെന്ന സൗകര്യവും സ്വര്‍ണ്ണക്കടത്ത് കൂടാന്‍ കാരണമാണ്.
Summary: if one kg of gold is smuggled, there will be a profit of up to Rs 6 lakh. that drives people, including youngsters, to become carriers of gold smuggling. They can get huge profits in a short period of time.