പന്തിരിക്കര ഇര്‍ഷാദ് കൊലക്കേസ്: തട്ടിക്കൊണ്ടുപോയ സംഘത്തിലെ നിര്‍ണായക കണ്ണി അറസ്റ്റില്‍


പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ തട്ടി കൊണ്ട് പോയ സംഘത്തില്‍ നിര്‍ണായക കണ്ണിയാണ് അറസ്റ്റിലായത്. ഐപിസി 302 ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജൂലൈ 6ന് കാണാതായ ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം ഇര്‍ഷാദിന്റെയാണെന്ന് സ്ഥിരീകരിച്ചത്. മേപ്പയൂര്‍ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു.

ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരം ലഭിച്ചത്. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി.

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. 60 ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. ഇര്‍ഷാദിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് യുവാവിന്റെ തിരോധാനവും കൊലപാതകവും പുറത്തറിയിന്നത്.

Summary: one arrested in Irshad murder case