വടകരയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണം; സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന, അന്വേഷണം ഊർജ്ജിതമാക്കി പോലിസ്
വടകര : കഴിഞ്ഞദിവസം വടകര മാർക്കറ്റ് റോഡിന് സമീപം വനിതാ റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന വ്യാപകമായ മോഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന. സി.സി.ടി.വി. ദൃശ്യത്തിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്. കല്ലിങ്കൽ സ്റ്റോറിലെ സി.സി.ടി.വി.യിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കെഎൽ 47ജി 7636 നമ്പർ ഹോണ്ട ബൈക്ക് തൃശ്ശൂർ സ്വദേശിയുടേതാണെന്നാണ് വിവരം. മോഷിക്കപ്പെട്ടതാവാനാണ് സാധ്യതയെന്ന് പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മാർക്കറ്റ് റോഡിലെ റോയൽ ലോട്ടറി സ്റ്റാൾ വരാന്തയിൽ നിന്ന് കണ്ടെത്തിയ രക്തക്കറയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു. ഫലം ലഭിച്ചാലെ ഇത് മോഷ്ടാവിന്റേതെന്ന് ഉറപ്പിക്കാനാവുകയുള്ളൂ.
ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാർക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ 14 കടകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വിനായക സ്‌റ്റോർ, റംസീന സ്‌റ്റോർ, എൻഎഫ് ഫൂട്ട്‌വെയർ, ബികെ ലോട്ടറി സ്റ്റാൾ, പിവിടി സ്റ്റോർ, പിഎസ് സ്റ്റോർ, ഹോട്ടൽ, ലക്കി സ്റ്റോർ, നിംസ് ഫോട്ടോസ്റ്റാറ്റ്, കല്ലിങ്കൽ സ്‌റ്റോർ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷ്ടാക്കൾ കയറിയത്.
ഇന്നലെ രാവിലെ ഉടമകൾ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ പവനൻ, എ എസ് ഐ ഗണേശൻ, ഹെഡ് കോൺസ്റ്റബിൾ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.