പ്രദേശവാസികളുടെ സമരം ഫലം കണ്ടു; ദേശീയപാതയിൽ മടപ്പള്ളിയിൽ അടിപ്പാത യാഥാർത്ഥ്യമാകുന്നു


മടപ്പള്ളി: മടപ്പള്ളിയിൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. അടിപ്പാത വേണമെന്ന ആവശ്യം മുൻ നിർത്തി കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി നിധിൻ ഖ‍ഡ്കരിക്ക് നിവേദനം അയച്ചു. മന്ത്രി ഇതിൽ ഒപ്പുവച്ചതായും കരാർ രണ്ടു ദിവസത്തിനകം എൻ എച്ച് എ ഐക്ക് കൈമാറുമെന്നും കെ കെ രമ എം എൽ എ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ കെ രമ എം എൽ എ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, സമര സമിതി അംഗങ്ങളായ അഡ്വ അനിൽകുമാർ, മനോജ്കുമാർ , ബാലകൃഷ്ണൻ എന്നിവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കുകയും അടിപ്പാതയുടെ പ്രാധാന്യം അറിയിച്ച് നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് നിധിൻ ഖ‍ഡ്കരിക്കും നിവേദനം അയച്ചത്.

മടപ്പള്ളി കോളേജ് സ്റ്റോപ്പിൽ അടിപ്പാത നിർമ്മിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എൻ എച്ച് എ ഐ അധികൃതരെത്തുമ്പോൾ ഈ സ്ഥലം പരി​ഗണിക്കണമെന്നാണ് ആവശ്യപ്പെടുക എന്നും കെ കെ രമ വ്യക്തമാക്കി.