വാഗ്ദാനംചെയ്ത ജോലി നല്‍കുന്നില്ലെന്നാരോപണം, വെള്ളിയൂര്‍ എ.യു.പി. സ്‌കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് കൈതക്കല്‍ സ്വദേശിനി
പേരാമ്പ്ര: വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അന്യായമായി നിയമനം നിഷേധിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നിയമന തട്ടിപ്പിനിരയായ യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലെ ഹിന്ദി അധ്യാപക തസ്തികക്കായി 2019ല്‍ 28ലക്ഷം രൂപ നല്‍കി വഞ്ചിതയായ കൈതക്കലിലെ കോയാങ്കണ്ടി പി ആര്‍ രമ്യ യാണ് ജൂണ്‍ ഒന്നുമുതല്‍ സ്‌കൂളിന് മുമ്പില്‍ സഹനസമരം ആരംഭിക്കുന്നത്.
2022ല്‍ ഒഴിവുവരുന്ന ഹിന്ദി അധ്യാപക തസ്തികക്കാണ് ഇതേ സ്‌കൂളിലെ അധ്യാപകരായ കെ മധു കൃഷ്ണന്‍, ടി കെ നൗഷാദ് എന്നിവര്‍ മുഖേന മൂന്നുവര്‍ഷം മുമ്പ് 28 ലക്ഷം രൂപ മാനേജര്‍ക്ക് നല്‍കിയത്. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നൊച്ചാട് പഞ്ചായത്തംഗവുമാണ് മധു കൃഷ്ണന്‍.
2019 മുതല്‍ വേതനം കൈപ്പറ്റാതെ രമ്യ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. 2022-ല്‍ നിലവിലെ അധ്യാപിക വിരമിച്ചപ്പോഴുണ്ടായ തസ്തികയില്‍ വാഗ്ദാനംചെയ്ത നിയമനം നല്‍കുന്നില്ലെന്നാണ് പരാതി.
അതേസമയം, നേരത്തേ ഉണ്ടായിരുന്ന രണ്ട് ഹിന്ദി അധ്യാപകരില്‍ ഒരാള്‍ പ്രൊട്ടക്ഷനായി പോയിരുന്നെന്നും ഇപ്പോഴത്തെ ഒഴിവില്‍ ആ അധ്യാപകന്‍ തിരികെവരികയാണ് ചെയ്തതെന്നും മാനേജ്മെന്റ് പ്രതിനിധി മനീഷ് വ്യക്തമാക്കി. എന്നാല്‍ മാനേജ്‌മെന്റ് വാഗ്ദാനം പാലിക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് രമ്യയുടെയും കുടുംബത്തിന്റെയും തീരുമാനം.