25 ലക്ഷം രൂപയല്ല, കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തത് എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 72ലക്ഷത്തിലേറെ രൂപ; എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ


കൊയിലാണ്ടി: എ.ടി.എമ്മിലേക്ക് നിക്ഷേപിക്കാനായി കൊണ്ടുപോയ 7240000 രൂപയാണ് കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തതെന്ന് എഫ്.ഐ.ആർ. ഭാരതീയ ന്യായ സംഹിത 137, 309 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നത്.

എ.ടി.എമ്മിൽ പണം റീഫിൽ ചെയ്യാനായി പോയ സുഹൈൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തിൽവെച്ച് പർദ്ദ ധരിച്ച് നടന്നുപോകുകയായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാൾ കാറിന്റെ ബോണറ്റിലേക്ക് വീഴുകയും സുഹൈൽ കാർ നിർത്തിയപ്പോൾ പർദ്ദ ധരിച്ച മറ്റേയാൾ കാറിനകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്‌തെന്നാണ് സുഹൈൽ പൊലീസിന് നൽകിയ മൊഴി. ഈ സമയത്ത് മറ്റേ സ്ത്രീ കാറിന്റെ പുറകിൽ കയറി സുഹൈലിനെ കാറിന്റെ പുറകിലേക്ക് വലിച്ചിട്ടശേഷം കാലും കയ്യും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടി വിതറി. കാറിന്റെ മുൻസീറ്റിൽ ബാഗിലാക്കിവെച്ചിരുന്ന 7240000രൂപ കവർച്ച നടത്തിയെന്നുമാണ് എഫ്.ഐ.ആറിൽ പരാമർശിക്കുന്നത്.

സുഹൈലിനെ കണ്ടെത്തിയ കാർ കോഴിക്കോട് നിന്നെത്തിയ ഫോറൻസിക് സംഘവും വടകരയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുഹൈലുമായി പൊലീസ് സംഘം കുരുടിമുക്കിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു സംഘം സുഹൈൽ കടന്നുപോയിവെന്ന് പറയപ്പെടുന്ന വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.