നാദാപുരത്തെ കല്ല്യാണവീടുകളില്‍ ഇനി ഗാനമേളയും ഡിജെ പാര്‍ട്ടിയും വേണ്ട, ഗതാഗത തടസ്സമുണ്ടാക്കി വാഹനമോടിച്ചാൽ ശക്തമായ നടപടി


നാദാപുരം: കല്യാണ വീടുകളിൽ അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നാദാപുരത്ത് സർവകക്ഷിയോഗം ചേർന്നു. നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തു.

കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികള്‍ തുടങ്ങിയവയും റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കാൻ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഈ തീരുമാനം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാനും. അത്തരം വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രാദേശികമായ പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹരിക്കാന്‍ ഡി.വൈ.എസ്.പി എപി ചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവരെ നിരീക്ഷിച്ച് നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ മോഹന്‍ദാസ്, സി.എച്ച് മോഹനന്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, മോഹനന്‍ പാറക്കടവ്, പി.കെ ദാമു, വത്സരാജ് മണ്ണലാട്ട്, കെ.വി നാസര്‍, ജലീല്‍ ചാലിക്കണ്ടി, കെ.ടി ചന്ദ്രന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Summary: No more music concerts and DJ parties at wedding venues in Nadapuram, strict action will be taken against those who drive vehicles causing traffic disruptions