ഇങ്ങനെ നടന്നാൽ ജോലി കിട്ടുമോ? എന്താണ് ഡി.വെെ.എഫ്.ഐയുടെ കാൽനട പ്രചരണജാഥ, ഉദ്ദേശമെന്ത്? നിഖിൽ നരിനട എഴുതുന്നു…


നിഖിൽ നരിനട

കഴിഞ്ഞ ദിവസങ്ങളിൽ കാൽനട പ്രചരണ ജാഥക്ക്‌ ശേഷം ഞാന്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണു ഇങ്ങനെ നടന്നാൽ എല്ലാവർക്കും‌ ജോലി കിട്ടുവോ..?

കേള്‍ക്കുമ്പോൾ ആദ്യമൊരു പ്രയാസം ഉണ്ടായങ്കിലും ചോദിച്ചവരുടെ ഉദേശശുദ്ധി മനസിലാക്കാൻ അൽപം സമയം എടുത്തു. അതോടെ ആ പ്രയാസം മാറുകയും ചെയ്തു

ഡി വൈ എഫ് ഐ എന്ന രാജ്യത്തെ കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന് കീഴിലെ കേരളത്തിലെ മുഴുവൻ ബ്ലോക്ക്‌ കമ്മിറ്റികളും ഈ വേർത്തമാനകാലത്ത്‌ കാലിക പ്രസക്തിയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കിലോമീറ്ററുകളോളം നടന്ന് മുക്കിനു മുക്കിനു മൈക്കുകൾ കെട്ടി വിളിച്ച്‌ പറയുന്നത് പൊറാട്ടയേയും,വടയിലെ തുളയെ കുറിച്ചുമല്ല.

രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഡി വൈ എഫ് ഐ സംസാരിക്കുന്നത്.,രാജ്യത്തിന്റെ മതേതരത്വത്തെ കുറിച്ചും, ഫാഷിസ്റ്റ് കടന്നാക്രമത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡി വൈ എഫ് ഐ നിരന്തരം സംസാരിക്കുന്നു. ഭരണാധികാരികള്‍ പാവപ്പെട്ടവന്റെ പോക്കറ്റിലും കോടീശ്വരന്റെ തോളിലും കയ്യിട്ട് നില്‍ക്കുന്ന സമകാലീന രാഷ്ട്രീയ ചിത്രത്തില്‍ ഡി വൈ എഫ് ഐ ഉയർത്തുന്ന മുദ്രാവാക്യങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്.

കാലത്തിന്റെ കുത്തൊഴുക്കിൽ സമരമുറകൾ മറന്ന തലമുറകളെ നേരിന്റെ പാതയിൽ സഞ്ചരിപ്പിക്കുന്ന യുവജനപ്രസ്ഥാനം കൂടിയാണ് ഡി വൈ എഫ്‌ ഐ എന്നത് വിസ്മരിക്കാന്‍ സാധിക്കില്ല.

പഞ്ചാബിലെ ലുധിയാനയിലെ ശഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വച്ച് 1980 ല്‍ ഡി‌ വൈ‌ എഫ്‌ ഐ രൂപീകൃതമായ അന്നുമുതില്‍ ഇന്ത്യന്‍ യുവതയുടെ ശബ്ദമായി ഈ പ്രസ്ഥാനമുണ്ട്. ആദ്യ സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയിൽ വധിക്കപ്പെട്ട അരുർസിങ് ഗിൽ എന്ന സഖാവിന്റെ ചോരമുതല്‍ ചുവന്ന് തുടങ്ങിയതാണ് ശുഭ്രപതാകയിലെ ആ രക്ത നക്ഷത്രം.

കേരളത്തിൽ വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും പേരില്‍ സാമൂഹിക അന്തരീക്ഷാവസ്ഥ കലുഷിതമായപ്പോള്‍ 1983 ഫെബ്രുവരി 1 മുതൽ 16 വരെ നടത്തിയ നിലയ്ക്കൽ ക്യാമ്പയിൻ കേരള ചരിത്രത്തിലെ മറക്കപ്പെടാനാവാത്ത ഏടാണ്. രണ്ട് ലക്ഷത്തോളം യുവതി യുവാക്കളായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്. ഈ ക്യാമ്പയിനോട് അനുബന്ധിച്ചാണ് “മതമല്ല മതമല്ല മതമല്ല പ്രശ്നം” എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന് വരുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സമരമുഖങ്ങളില്‍ ഡി വൈ എഫ് ഐ സജീവ സാന്നിധ്യമായി. സന്നദ്ധ രംഗത്തും സജീവമായ സംഘടന കോവിഡ് കാലത്ത് റീസൈക്കിൾ കേരളയിലൂടെ 11 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കേരളത്തിലെ ഡിവൈഎഫ്ഐമാതൃക അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വലിയ ചർച്ചയായതും നാം ആരും മറന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന് നീങ്ങിയ പാതയോരങ്ങളിൽ ഏറ്റുവാങ്ങിയ സ്വീകരണങ്ങളിൽ മനസിലാകും ഡി വൈ എഫ്‌ ഐ ഉയർത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി. മറ്റൊരു സംഘടനക്ക്‌ പോലും സാധിക്കാത്ത പോരാട്ടങ്ങൾക്ക്‌ നൽകിയ ചരിത്രവും ഡി വൈ എഫ്‌ ഐ ക്കാണ്. പിന്നെ ഇതൊന്നും കണ്ടില്ലാന്നു നടക്കുന്ന വലതുപക്ഷ മാധ്യമ കുറുനരികൾക്ക്‌ നാളയുടെ പുലരികളിൽ തിരുത്തേണ്ടി വരും.

അതുകൊണ്ട്‌ തന്നെ ഇന്ത്യയുടെ പൊരുതുന്ന യുവജന സംഘടനയുടെ സ്ഥാപക ദിനത്തിൽ നവ:3 നു ഇന്ത്യന്‍ പാർലമെന്റിലേക്ക് ഞങ്ങള്‍ മാർച്ച്‌ നടത്തുകയാണു..
രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ വെടിയുണ്ടകളിൽ ഞങ്ങൾ വീണുപോയേക്കെങ്കിലും മുന്നോട്ട് വെച്ചകാല്‍ പിന്നോട്ടെടുത്ത ചരിത്രം ഒരു ഡി വൈ എഫ് ഐക്കാരനുമില്ല. തോക്കിനും ലാത്തിക്കും മുന്നില്‍ അടിപതറാതെ മരണത്തെ പൂമാലകളാക്കി ഏറ്റുവാങ്ങിയ ധീരരുടെ പിന്മുറക്കാരായ ഞങ്ങളുടെ നേരിടാന്‍ മാത്രം കരുത്തുള്ള വെടിയുണ്ടകളേതാണ് ഇവിടെയുള്ളത്…🔥

Summary: Can you get a job if you walk like this? What is Dyfi’s walking campaign and what is its purpose? Nikhil Narinada writes…