നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ; ആരോ​ഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ടത്


നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു. നെെറ്റ് ഡ്യൂട്ടി എടുക്കുമ്പോഴും പകൽ ഉറങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം സൂക്ഷിക്കാം.

നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ 24 മണിക്കൂറിനുള്ളിൽ ക്രമപ്പെടുത്തിയിരിക്കുന്നത് തലച്ചോറിലെ ഹെെപ്പോത്തലാമസ് ആണ്. ശരീരത്തിന്റെ താളക്രമം നിയന്ത്രിക്കുന്ന ജെെവഘടികാരമാണ് ഹെെപ്പോത്തലാമസ്. ഉറക്ക ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം നിയന്ത്രിക്കുന്നതും ഹെെപ്പോത്തലാമസ് ആണ്. രാത്രി കാലങ്ങളിൽ ഉണർന്നിരുന്ന് പണി ചെയ്യുന്നവരുടെ ബയോളജിക്കൽ ക്ലോക്കിന്റെ താളക്രമം തകരാറിലാകാൻ ഇടയുണ്ട്. പ്രത്യേകിച്ചും ഷിഫ്റ്റിന്റെ സമയക്രമം അടിക്കടി മാറുകയാണെങ്കിൽ. ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം, ഹെെപ്പർ ടെൻഷൻ, പ്രമേഹം, ആർത്തവ തകരാറുകൾ, പൊണ്ണത്തടി, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കടുപ്പത്തിലൊരു കാപ്പി കുടിച്ച് പണിക്ക് കയറിയാൽ താൽക്കാലികമായി ഉണർവ്വും ഉന്മേഷവുമൊക്കെ തോന്നും.എന്നാൽ ഉറക്കത്തെ ദീർഘനേരം അകറ്റി നിർത്തനൊന്നും കാപ്പിയ്ക്ക് കഴിയില്ല.തന്നെയുമല്ല ബിപി കൂടാനും ജോലിക്ക് ശേഷമുള്ള പകലുറക്കം കുറയ്ക്കാനും കാപ്പി കാരണമാകും. അത് കൊണ്ട് നെെറ്റ് ഷിഫ്റ്റ് ജോലിക്കാർ കാപ്പി, ചായ ഉപയോ​ഗം കുറയ്ക്കണം.പകരം ധാരാളം വെള്ളം കുടിക്കാം. ജ്യൂസും പഴങ്ങളുമൊക്കെ ധാരാളം കുടിക്കാം. എണ്ണ പലഹാരങ്ങൾ ദഹനക്കേട് ഉണ്ടാക്കാം. രാത്രിയിൽ ഹെവി ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്.

ജോലി ചെയ്യുന്ന മുറിയിൽ നല്ല വെളിച്ചമുണ്ടാകണം. വെളിച്ചം സ്ലീപ് ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം കുറച്ച് ഉറക്കത്തെ അകറ്റി നിർത്താൻ സഹായിക്കും. പണിയെടുക്കുമ്പോൾ ശക്തമായി ഉറക്കം വന്നാൽ പണി നിർത്തിവച്ച് അൽപനേരം നടക്കുകയോ ലഘു വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം.

രാത്രി ഡ്യൂട്ടി കഴിഞ്ഞവർ പകൽ സമയത്ത് ശാന്തമായ അന്തരീക്ഷത്തിൽ ആറോ എട്ടോ മണിക്കൂർ ഉറങ്ങണം. കിടക്കുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ലഘു ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്.