11 കോടി ചെലവില്‍ എട്ടരയേക്കറില്‍ ഒരുങ്ങുന്നു പുതിയ കെട്ടിടം; കുറ്റ്യാടിക്കാര്‍ക്ക് ഇനി കൂടുതല്‍ സൗകര്യത്തോടെ മികച്ച വിദ്യാഭ്യാസം നേടാം


കുറ്റ്യാടി: കുറ്റ്യാടി എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആംഭിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ ഷെയര്‍ സമാഹരണത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹച്ചു. കര്‍ഷകരും, കര്‍ഷക തൊഴിലാളികളും, ഏറെയുള്ള വടകര താലൂക്കിലെ കുറ്റ്യാടി മേഖലയിലെയും, പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ സ്ഥാപിതമായ സഹകരണ സ്ഥാപനമാണ് കുറ്റ്യാടി എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി (എഡുക്കോസ്).

2015 വര്‍ഷത്തിലാണ് ഇഡിയുസിഒഎസിന്റെ നേതൃത്വത്തില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിതമായത്. നടുപ്പൊയില്‍ 8.5 ഏക്കര്‍ സ്ഥലത്താണ് 11 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തതോടൊപ്പം നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു.

ചടങ്ങില്‍ ഇഡിയുസിഒഎസ് ഡയറക്ടര്‍ ടി.കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ഇഡിയുസിഒഎസ് ചെയര്‍മാനും എംഎല്‍എയുമായ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത്ത് കെ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോര്‍ജ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഷെയര്‍ ഹോള്‍ഡേഴ്‌സ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Summary: new building for EDUCOS co-operative college Kutyadi