മാഹി കനാലിന് കുറുകെ തയ്യിൽപാലത്ത് പുതിയ പാലവും അപ്രോച്ച് റോഡും; 42.02 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ
നാദാപുരം: വടകര മാഹി കനാലിന് കുറുകെ തയ്യിൽ പാലത്ത് പുതിയ പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി ഉൾനാടൻ ജലഗതാഗത വകുപ്പ് 42.02 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. തയ്യിൽ പാലത്ത് കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുക എന്നത് പ്രദേശ വാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമാക്കാൻ പോകുന്നത്.
രണ്ട് ലാൻ്റ് സ്പാൻ ഉൾപെടെ മൂന്ന് സ്പാനുകളിലായി 72 മീറ്റർ നീളത്തിലും 11. 5 മീറ്റർ വീതിയിലുമാണ് ഇവിടെ പാലം നിർമ്മിക്കുക. കനാലിന്റെ ജലനിരപ്പിൽ നിന്നും ആറ് മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പുതിയ പാലത്തിലേക്ക് പ്രവേശിക്കാൻ ഇരു കരകളിലും 200 മീറ്റർ വീതം ആകെ 400 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡിൻ്റെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഉൾനാടൻ ജനഗതാഗത വകുപ്പ് ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.
ഏറാമല എടച്ചേരി പഞ്ചായത്തുകളിലെ ഒട്ടേറെ അവികസിത പ്രദേശങ്ങളുടെ വികസനത്തിൽ ഒരു കുതിച്ചു ചാട്ടത്തിനു തന്നെ വഴി തെളിക്കുന്നതായിരിക്കും പാലം നിർമ്മാണം. ടെൻ്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു.
Summary: New bridge and approach road at Tayil Bridge across Mahi Canal; EK Vijayan MLA said that 42.02 crores have been allocated