ദേശീയ ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി ശ്വേതനന്ദ കേരളത്തിന് വേണ്ടി മത്സരിക്കും


വടകര: ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. അടുത്ത മാസം 27 മുതല്‍ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ജൂലൈ 27, 28 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ് ഫുള്‍ കോണ്‍ടാക്റ്റ് വിഭാഗം ചാമ്ബ്യൻഷിപ്പില്‍ ജൂനിയർ ഗേള്‍സ് വിഭാഗത്തിൽ സ്വർണ മെഡല്‍ നേടിയാണ് ശ്വേത നന്ദ ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടിയത്. ആദ്യമായാണ് ദേശീയ തലത്തിലേക്ക് മത്സരിക്കാൻ ശ്വേത യോഗ്യത നേടുന്നത്.

തിരുവള്ളൂർ ശാന്തിനികേതൻ എച്ച്‌.എസ്.എസ് ലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ശ്വേത നന്ദ. ജില്ല സ്കൂള്‍ ഗെയിംസില്‍ കഴിഞ്ഞ വർഷം വുഷു മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ചെമ്മരത്തൂർ ചോറോട്ട് വീട്ടിലെ കൃഷ്ണകുമാർ- നന്ദജ ദമ്ബതികളുടെ മകളായ ശ്വേത തിരുവള്ളൂർ യു.എം.എ.ഐ ക്ലബ് പരിശീലകൻ മുഹമ്മദ് സൈഫുദ്ദീന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിവരുന്നത്.