ദേശീയപാത വികസനം; പുതുപ്പണത്ത് വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട് ഒരു കുടുംബം, അസുഖ ബാധിതനായ ​ഗൃഹനാഥനെ ആശുപത്രിയിൽ എത്തിക്കുന്നത് കസേരയിൽ ചുമന്ന്


വടകര: ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട് പുതുപ്പണം നടക്കുതാഴയിലെ തയ്യുള്ളതിൽ നാരായണനും കുടുംബവും. പാലയാട്ട് നടയിൽ പടിഞ്ഞാറ് ഭാഗത്ത് 10 മീറ്ററോളം താഴ്ചയിൽ ചെങ്കുത്തായി മണ്ണ് എടുത്തു മാറ്റിയതിനെ തുടർന്ന് വീട്ടിലേക്കുള്ള വഴി നഷ്ടപ്പെടുകയായിരുന്നു. കിടപ്പുരോഗിയായ നാരായണനെ ആശുപത്രിയിൽ എത്തിക്കുന്നത് കസേരയിൽ ചുമന്നാണ്.

നാരായണനേയും കുടുംബത്തേയും കെ കെ രമ എം എൽ എ സന്ദർശിച്ചു. കുറെ നാളുകളായി വീട്ടിലേക്കുള്ള വഴി തടസപ്പെട്ട വിഷയം പരിഹരിച്ചു കിട്ടുന്നതിനായി ഉത്തരവാദിത്തപ്പെട്ട അധികാരികളെയും നാഷണൽ ഹൈവേ അതോറിറ്റിയെയും നിരന്തരം സമീപിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ലെന്ന് എംഎൽഎ പറഞ്ഞു. തൊട്ടടുത്ത വീട്ടുകാരുടെ വീട്ടുമുറ്റത്തുകൂടെയാണ് ഇപ്പോൾ ഇവർ സഞ്ചരിക്കുന്നത്.

വഴിയില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന നാരായണന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ അവസാനിപ്പിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ഉണ്ടാവണം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉത്തരവാദിത്തപ്പെട്ട അധികാരികളുമായി സംസാരിച്ചതായും, തൊട്ടടുത്ത ദിവസം തന്നെ സംഭവസ്ഥലം പരിശോധിച്ചു ആവശ്യമായ നടപടികൾ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും എം.എൽ.എ പറഞ്ഞു. പുതുപ്പണം സമരസമിതി കോഡിനേറ്റർ ഇ.കെ വത്സരാജും എം എൽഎയ്ക്കൊപ്പമുണ്ടായിരുന്നു.