‘ആ ചെറുപ്പക്കാരുടെ മനസ്സിൽ പുഴുവരിച്ചു കിടപ്പിലായ ആ സ്ത്രീ മാത്രമായിരുന്നു’, ചെറിയൊരു പീടികമുറിയിൽ ആരംഭിച്ച പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഇന്ന് നാല് ഏക്കർ സ്ഥലത്ത് അന്താരഷ്ട്ര നിലവാരത്തിൽ; നെസ്റ്റിന്റെ കഥ നജീബ് മൂടാടിയുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ


കൊയിലാണ്ടി: അന്ന് ആ ചെറുപ്പക്കാർക്കും അറിയില്ലായിരുന്നു, എന്ത് ചെയ്യണമെന്ന്. നിസ്സഹായതയുടെ ഇരുണ്ട നിഴലിൽ കിടക്കുന്ന സ്ത്രീയ്ക്ക് പ്രതീക്ഷയുടെ അൽപ്പം പൊൻ വെളിച്ചം നൽകണമെന്ന ആഗ്രഹം, അങ്ങനെ തുടങ്ങിയ ചെറിയൊരു പണപ്പിരിവിൽ തുടങ്ങി, ഇന്ന് ഇങ്ങെത്തി നിൽക്കുന്നതാകട്ടെ നാല് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ. ലോകത്തിനു മുൻപിൽ തന്നെ കൊയിലാണ്ടിക്ക് വലിയൊരു അഭിമാനമായി മാറിയ നെസ്റ്റിന്റെ കഥയാണ് ഇത്. സമൂഹത്തിനു വേണ്ടാത്ത അനേകർക്ക് സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും കൂടൊരുക്കി കൊണ്ടേയിരിക്കുന്നവരുടെ കഥ.
വീടകങ്ങളിൽ ഒതുങ്ങിപ്പോയ കിടപ്പുരോഗികളെ പോലെ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാത്ത ഒരുപാട് ഭിന്ന ശേഷിക്കാരായ മക്കൾ നമുക്ക് ചുറ്റും ഉണ്ടെന്നും കൃത്യമായ ചികിത്സയോ പരിചരണമോ ലഭിക്കാതെ മാതാപിതാക്കളുടെ ഉള്ളിൽ എന്നും പൊള്ളുന്ന കണ്ണീരും വേദനയുമായ ആ മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമുള്ള ആഗ്രഹമാണ് 2012ൽ നെസ്റ്റ് സ്പെഷ്യൽ സ്കൂളിന്റെ പിറവിക്ക് പിന്നിലെന്ന് നജീബ് മൂടാടി കുറിക്കുന്നു.

പാലിയേറ്റീവ് കെയറിനോടൊപ്പം തന്നെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള പരിചരണവും ഇവിടെ പ്രധാനമാണ്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, പഠന വൈകല്യം, ഡൗണ്‍ സിന്‍ഡ്രോം എന്നിവ ബാധിച്ച കുട്ടികള്‍ക്കുള്ള ചികില്‍സയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ക്ലിനിക്, ഡേ കെയര്‍, കമ്മ്യൂണിറ്റി സൈക്യാട്രി, പുനരധിവാസം എന്നീ സേവനങ്ങളും ഉണ്ട്.

കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനായി ഇന്‍ഡിവിഡ്വല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിനും ശ്രദ്ധ നൽകാറുണ്ട്. കുട്ടികളെ പോലെ തന്നെ മാതാപിതാക്കൾക്കും പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണിവിടെ ഒരുക്കിയിരിക്കുന്നത്. കൃത്യമായ വീക്ഷണത്തോടെ മുന്നോട്ടു നീങ്ങുന്ന ഈ പദ്ധതി കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പഠനം ഒരുക്കാൻ സജ്ജമായിരിക്കുകയാണിപ്പോൾ.

 

നജീബ് മൂടാടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

പതിനേഴു വർഷങ്ങൾക്ക് മുമ്പാണ്. കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ യാത്രക്കാർക്ക് മുന്നിൽ, കിടപ്പിലായ ഒരു രോഗിയെ സഹായിക്കാൻ എന്തെങ്കിലും തരണേ എന്നഭ്യർത്ഥിച്ചു കൊണ്ട് ബക്കറ്റ് നീട്ടി ഏതാനും ചെറുപ്പക്കാർ. പലരും മുഖം തിരിച്ചു. ചിലർ സംശയത്തോടെ നോക്കി. ‘നല്ല ആരോഗ്യമുണ്ടല്ലോ അധ്വാനിച്ചു ജീവിച്ചൂടെ’ എന്ന് ആരൊക്കെയോ രോഷപ്പെട്ടു. കൂട്ടത്തിൽ ചില മനുഷ്യർ തങ്ങളുടെ കൈയിലുള്ള ചില്ലറതുട്ടുകൾ ആ ബക്കറ്റിലേക്കിട്ടു.

ആ ചെറുപ്പക്കാരുടെ മനസ്സിൽ പുഴുവരിച്ചു കിടപ്പിലായ ആ സ്ത്രീ മാത്രമായിരുന്നു. അവരെ ആശുപത്രിയിലാക്കാനും അവരുടെ ഭക്ഷണത്തിനും പരിചരണത്തിനുമുള്ള പണമുണ്ടാക്കാനും വിദ്യാർഥികളായ ആ ചെറുപ്പക്കാർക്ക് മുന്നിൽ വേറെ മാർഗ്ഗമുണ്ടായിരുന്നില്ല. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ബാലപാഠം പോലും അറിയാത്ത ആ ചെറുപ്പക്കാർ ആ പിരിവിലൂടെ തുടക്കമിട്ടത് ഒരു പ്രദേശം തന്നെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അടയാളപ്പെടുത്തുന്ന ഒരു സംരംഭത്തിന് കൂടി ആയിരുന്നു. ആദ്യം ചെറിയൊരു പീടികമുറിയിൽ കൊയിലാണ്ടി പാലിയേറ്റീവ് എന്ന പേരിൽ. പിന്നീട് Nest എന്ന പേരിൽ അത്‌ പിച്ചവെച്ച് മുന്നോട്ടു നീങ്ങി.

കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് മനുഷ്യർക്ക് രോഗശയ്യയിൽ ആശ്വാസവും സാന്ത്വനവുമായി മാറിയ Nest പാലിയേറ്റീവ് കെയർ എന്ന സ്ഥാപനം ഒരു നിയോഗമായി വളരുകയായിരുന്നു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമായി ഡോക്ടർമാർ, നഴ്‌സുമാർ, വളണ്ടിയർമാർ, ആംബുലൻസ്, ഹോം കെയർ വാഹനങ്ങൾ, ഫാർമസി, ഫിസിയോ തെറാപ്പി യൂണിറ്റ്. കഴിഞ്ഞ പതിനേഴ് വർഷങ്ങൾ കൊണ്ട് സാന്ത്വനചികിത്സാ-സേവന രംഗത്ത് കേരളത്തിലെ ഏറ്റവും മികച്ച പാലിയേറ്റീവ് സ്ഥാപനമായി വളർന്നതിന്ന് പിന്നിൽ ദീർഘവീക്ഷണവും ഭാവനാസമ്പന്നരുമായ ആത്മാർത്ഥതയുള്ള ഒരുപാട് പ്രവർത്തകരുടെയും, ഹൃദയാലുക്കളായ ഒരുപാട് മനുഷ്യസ്നേഹികളുടെയും കൂട്ടായ പ്രവർത്തനമുണ്ട്.

വീടകങ്ങളിൽ ഒതുങ്ങിപ്പോയ കിടപ്പുരോഗികളെ പോലെ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാത്ത ഒരുപാട് ഭിന്ന ശേഷിക്കാരായ മക്കൾ നമുക്ക് ചുറ്റും ഉണ്ടെന്നും കൃത്യമായ ചികിത്സയോ പരിചരണമോ ലഭിക്കാതെ മാതാപിതാക്കളുടെ ഉള്ളിൽ എന്നും പൊള്ളുന്ന കണ്ണീരും വേദനയുമായ ആ മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമുള്ള ആഗ്രഹമാണ് 2012ൽ Nest സ്പെഷ്യൽ സ്കൂളിന്റെ പിറവി.

കഴിഞ്ഞ പത്ത് വർഷങ്ങളായി പരിമിതമായ സൗകര്യങ്ങളിലും ഏറ്റവും മികച്ച രീതിയിൽ നടന്നുവന്ന നെസ്റ്റ് സ്പെഷ്യൽ സ്കൂൾ പിന്നീട് NIARC (Nest International Academy & Research Center) എന്ന പേരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരിശീലന പരിചരണ സൗകര്യത്തോടെ കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂരിൽ നാല് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം ഭാഗികമായി ആരംഭിച്ചിരിക്കുകയാണ്.

കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീലയുടെ സാന്നിധ്യത്തിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമദ് ഞായറാഴ്ച ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. നാട്ടുകാരും നെസ്റ്റിലെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും വിദേശത്തുനിന്നുള്ള നിയാർക്കിന്റെ ചാപ്റ്റർ പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിറഞ്ഞു നിന്ന സദസ്സിൽ നാടിന്റെ ആഘോഷമായി ഈ ഉൽഘാടന ചടങ്ങ്.

ബുദ്ധിപരമോ മാനസികമോ ശാരീരികമോ ആയ വെല്ലുവിളികളോടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങളും മാതാപിതാക്കൾക്ക് എന്നും ആധിയും വേദനയുമായ നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് വികസിത രാജ്യങ്ങളിൽ ഇന്ന് ലഭ്യമായ ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഏറ്റവും മികച്ച ചികിത്സാ-പരിശീലന- പരിചരണങ്ങൾ നൽകി അവരെയും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ സ്ഥാപനത്തിലൂടെ സാധിക്കുമെന്നത് നിത്യദുഖത്തിൽ വീണുപോയ ഒരുപാട് മനുഷ്യർക്ക് നൽകുന്ന പ്രത്യാശ ചെറുതല്ല. നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനമായി മാറാൻ ഈ സ്ഥാപനത്തിന് കഴിയുമെന്ന് ഇവിടം സന്ദർശിക്കുന്ന ഏതൊരാളും അടിവരയിടും. മനുഷ്യരുടെ നോവും നൊമ്പരവുമറിയുന്ന ഒരുപാട് ഹൃദയാലുക്കളുടെ പ്രാർത്ഥനയും പരിശ്രമവുമാണ് നിയാർക്ക് എന്ന ഈ മഹത്തായ സ്ഥാപനം.

2017 ജൂലൈ മാസം ബഹുമാന്യ മുഖ്യമന്ത്രി തറക്കല്ലിട്ട സ്ഥാപനം എത്രയും പെട്ടെന്ന് തന്നെ പണിപൂർത്തീകരിക്കാം എന്ന ലക്ഷ്യം. കൊറോണ ഉണ്ടാക്കിയ സാമ്പത്തികമാന്ദ്യവും മറ്റ് ആഘാതങ്ങളും കാരണം സാധ്യമായില്ലെങ്കിലും, ആദ്യ രണ്ടു നിലകൾ പ്രവർത്തനസജ്ജമാക്കാൻ നമുക്ക് സാധിച്ചു. നിയാർക്കിന്റെ ലക്ഷ്യവും നന്മയും തിരിച്ചറിയുന്ന സുമനസ്സുകൾ സഹകരിച്ചാൽ വൈകാതെ തന്നെ പൂർണ്ണസജ്ജമായി കൂടുതൽ കുട്ടികൾക്ക് ഗുണകരമാവുംവിധം പ്രവർത്തന സജ്ജമാക്കാൻ നമുക്ക് സാധിക്കും.

തങ്ങളുടെ കാലശേഷം ഈ മക്കളുടെ സ്ഥിതി എന്താവും എന്ന ആധിയോടെ ജീവിക്കുന്ന ഒരുപാട് രക്ഷിതാക്കളുടെ മനസ്സിന് തണുപ്പാവാൻ ഓരോ മനുഷ്യസ്നേഹികളുടെയും സഹകരണം തേടുകയാണ്. കൂടെയുണ്ടാവുമല്ലോ.

✍️ നജീബ് മൂടാടി)
—————–
BUILDING FUND
ACCOUNT NAME : NEST
ACCOUNT NO : 9200 100 4248 6590
BANK : AXIS BANK, KOYILANDY
IFSC CODE : UTIB0003585