നാദാപുരത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം; തലശ്ശേരി സ്വദേശി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍


നാദാപുരം: ബസ് സ്റ്റാന്റിന് പിന്‍വശത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി നന്ദകിഷോര്‍, വെള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വിഘ്‌നേശ്വരന്‍ എന്നിവരെയാണ്‌ നാദാപുരം എസ്ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളുമാണ് മോഷണം പോയത്. അന്നേ ദിവസം പുലര്‍ച്ചെയോടെ ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് കടയ്ക്കത്ത് വെളിച്ചം കാണുകയായിരുന്നു. പിന്നാലെ പോലീസ് ജീപ്പ് കണ്ടതോടെ മോഷ്ടാക്കള്‍ കടയില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിന്‍വശത്തെ വാതിലിന്റെ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ അകത്ത് കയറിയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കടയിലെ സിസിടിവിയിലും സമീപത്തെ മറ്റൊരു ക്യാമറയിലും പതിഞ്ഞിരുന്നു.