നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഇന്ന് തെരഞ്ഞെടുക്കും; അഖില മര്യാട്ടിനെ വീണ്ടും തെരഞ്ഞെടുക്കും


നാദാപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായി യൂത്ത് കോൺഗ്രസ് അഖില മര്യാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കേണ്ടിവന്ന ഒഴിവിലേക്ക് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്ന ഭരണസമിതി യോഗത്തിലാണ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ അഖില മര്യാട്ടിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായ അഖില മര്യാട്ട് പാർട്ടി നിർദ്ദേശത്തെ തുടർന്ന് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആഴ്ചകൾക്ക് മുമ്പാണ് രാജിവെച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയും ഡിസിസി ഭാരവാഹികളായ പി.കെ.ഹബീബ് അഡ്വക്കേറ്റ് പ്രമോദ് കക്കട്ടിൽ എന്നിവരുടെ അന്വേഷണ കമ്മീഷൻ അഖില കുറ്റക്കാരിയല്ലെന്ന് നേതൃത്വത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡണ്ട് ആയി അഖിലയെ തന്നെ വീണ്ടും നിയമിക്കാൻ ഡിസിസി നേതൃത്വം തീരുമാനിച്ചത്.

അഖില വീണ്ടും വൈസ് പ്രസിഡണ്ട് ആകുന്നതിനോട് മുസ്ലിംലീഗ് നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇന്നലെ ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ.റസാക്ക് മാസ്റ്ററുടെ സാന്നിധ്യത്തിൽ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം ചേരുകയും അന്തിമ തീരുമാനം കൈക്കൊള്ളാൻ റസാക്ക് മാസ്റ്ററെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസിസി പ്രസിഡണ്ടുമായും മറ്റു നേതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമാണ് വൈസ് പ്രസിഡണ്ടായി അഖിലയെതന്നെ തെരഞ്ഞെടുക്കണമെന്ന തീരുമാനത്തിൽ എത്തിയത്.