മാവ്, പ്ലാവ്, പേരക്ക, റംബൂട്ടാൻ തുടങ്ങി 60 ഓളം ഫലവൃക്ഷങ്ങൾ; കാട്മൂടി മാലിന്യ നിക്ഷേപ കേന്ദ്രമായ ഒരു പ്രദേശം ഫല വൃക്ഷങ്ങളുടെ പച്ചത്തുരുത്താക്കി നാദാപുരം പഞ്ചായത്ത്
നാദാപുരം: കാട്മൂടി ഇഴജന്തുക്കളുടെ മാലിന്യ നിഷേപത്തിൻ്റെയും കേന്ദ്രമായ ഒരു പ്രദേശം ഫലവൃക്ഷങ്ങളുടെ പച്ചത്തുരുത്തായി മാറുന്നു. നാദാപുരം പഞ്ചായത്തിലെ 15 ആം വാർഡിൽ കുമ്മക്കോടാണ് മാറ്റത്തിൻ്റെ കഥപറയുന്നത്. കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായിട്ടുള്ള തൂണേരി ബ്രാഞ്ച് കനാലിന്റെ കോറോത്ത് ഭാഗത്താണ് കാട്മൂടി മാലിന്യം നിക്ഷേപ കേന്ദ്രമായ സ്ഥലം ഫലവൃക്ഷത്തോട്ടമാക്കി മാറ്റിയത്.
പ്രധാനമന്ത്രി കൃഷി സഞ്ചയി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ ചിലവിലാണ് ഫലവൃക്ഷ തോട്ടം നിർമ്മിച്ചത്. പദ്ധതിക്കായി ഇറിഗഷൻ സ്‌ഥലം പഞ്ചായത്തിന് വിട്ടുനൽകുകയായിരുന്നു. നാല് മാസത്തോളമായി പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചിട്ട്.
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്ത്വത്തിലാണ് കാട് വെട്ടി കൃഷിയോഗ്യമാക്കിയത്. നാലുഭാഗവും കമ്പിവേലി കെട്ടി സംരക്ഷണമൊരുക്കി.
മല്ലിക മാവ്, വിയറ്റ്നാം പ്ലാവ്, തായ്‌ലൻഡ് ചാമ്പക്ക, റംബൂട്ടാൻ, കശു മാവ്, നെല്ലിക്ക, രക്ത ചന്ദനം, പേരക്ക, ഉറുമാൻ പഴം, ഡ്രാഗൺ ഫ്രൂട്ട് തുടങിയ ഇനം ഫലവൃക്ഷങ്ങളാണ് വെച്ചുപിടിപ്പിച്ചത്.

അറുപതോളം ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ വി അബ്ദുൽ ജലീൽ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മാലിന്യ കേന്ദ്രമായിരുന്ന ഒരു പ്രദേശം പച്ചത്തുരുത്താക്കി മാറ്റാനായതിൻ്റെ സന്തോഷത്തിലാണ് അബ്ദുൾ ജലീൽ.
Summary: Around 60 fruit trees including mango, plantain, guava, rambutan; Nadapuram Panchayat turns an area that used to be a forested garbage dump into a green oasis of fruit trees