സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും
കണ്ണൂർ: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
50 അംഗ ജില്ലാ കമ്മിറ്റിയിൽ ഇത്തവണ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിയിലുണ്ട്. സംഘടനാ നടപടി നേരിടുന്ന പി.പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് എം.വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, ഇലക്ട്രിസിറ്റി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
MV Jayarajan will continue as CPIM Kannur district secretary