“ഞമ്മടെ കൊടിമരത്തിന് മേൽ ചുവന്ന ചായം പൂശുകയും പതാക ഉയർത്തുകയും ചെയ്യുന്നു; നെഞ്ചിൽ കമ്പി പാര കുത്തുന്ന പോലെയാ തോന്നിയത്; മുത്താമ്പിയിൽ ഒറ്റയാൾ പോരാട്ടം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ നാരായണേട്ടൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു
കൊയിലാണ്ടി: വെയിലിന്റെ ചൂട് ഏറി വന്നു, ചുറ്റുപാടുമുണ്ടായിരുന്ന ആളുകളും മാറി മറിഞ്ഞു…. പക്ഷെ നാരായണേട്ടൻ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. തന്റെ ഉറച്ച തീരുമാനം പോലെ… മുത്താമ്പി ടൗണിലാണ് കൗതുകവും ആവേശവും കൊള്ളിച്ച കാഴ്ച ഉണ്ടായത്. കഴിഞ്ഞ നാലു ദിവസങ്ങളായി മുത്താമ്പിയിൽ നടന്ന സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടികൊണ്ടാണ് കോൺഗ്രസ് കൊടിമരത്തിൽ സി.പി.എം പ്രവർത്തകർ ചുവപ്പു ചായം പൂശി സി.പി.എം പതാക ഉയർത്തിയത്.
എന്നാൽ ഇതിനെതിരെ ഗാന്ധിയൻ സമര മുറ പാലിച്ച് ഒറ്റയാൾ പോരാട്ടം നടത്താൻ മുത്താമ്പിയിലെ പുതുക്കൂടി നാരായണൻ ഇറങ്ങി. കേരളം ഉറ്റു നോക്കാൻ പോകുന്ന നിമിഷങ്ങൾ സൃഷ്ട്ടിക്കാൻ പോവുകയാണെന്നോ കേരളം ഒട്ടാകെ താൻ വയറലാവുമെന്നോ ഒന്നും അറിയാതെ. തങ്ങളുടെ കൊടിമരത്തിൽ മൂവർണ ചായം പൂശി കൊടി ഉയർത്തിയാൽ മാത്രമേ താൻ ജലപാനം കഴിക്കു എന്ന ഉറച്ച തീരുമാനത്തിൽ പ്രതിഷേധം ആരംഭിച്ചു.
ഇന്നലെ രാത്രി കൊടിമരത്തിൽ സി.പി.എം ചായപൂശിയ കാഴ്ച ഏതൊരു കോൺഗ്രസ്സുകാരനെയും തകർക്കുന്ന കാഴ്ചയായിരുന്നു. എന്ത് ചെയ്യാമെന്ന ആലോചനയാണ് ഗാന്ധിയൻ സമരമുറയിലേക്ക് എത്തിയതെന്ന് നാരായണൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
നാരായണേട്ടന്റെ വാക്കുകളിലേക്ക്, “ഞാനുൾപ്പെടെയുള്ളവർ ചേർന്നാണ് ഈ കൊടി മരം സ്ഥാപിച്ചത്. ഇന്നലെ നോക്കുമ്പോൾ ഞമ്മടെ കൊടിമരത്തിന് മേൽ ചുവന്ന ചായം പൂശുകയും പതാക ഉയർത്തുകയും ചെയ്യുന്നു; നെഞ്ചിൽ കമ്പി പാര കുത്തുന്ന പോലെയാ എനിക്ക് അനുഭവപ്പെട്ടത്. ഉടനെ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മായ്ക്കാൻ പോവുകയാണെന്ന് പറഞ്ഞെങ്കിലും ഞാൻ തടയുകയായിരുന്നു. അത്തരമൊരു അവസ്ഥയിൽ ഞാൻ അവരെ വിട്ടിരുന്നെങ്കിൽ ചിലപ്പോൾ കൊലപാതകം വരെ നടന്നേനെ. സി.പി.എമ്മിന്റെ വിവിധ വാഗങ്ങളിലുള്ള പ്രവർത്തകർ അവിടെ ഉണ്ടായിരുന്നു.
രാത്രി പതിനൊന്നു മണിക്കും സംഭവ സ്ഥലത്തു തന്നെയായിരുന്നു നാരായണൻ. എസ്.ഐ യോടും ഞാൻ സംസാരിച്ചിരുന്നു. ആരും പ്രശ്നമുണ്ടാക്കരുതെന്നു അദ്ദേഹവും ആവശ്യപ്പെട്ടു. അത്തരമൊരവസ്ഥയിൽ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഗാന്ധിയൻ സമര മാർഗ്ഗം സ്വീകരിക്കാമെന്ന തീരുമാനമെടുത്തത്. നാരായണൻ പറഞ്ഞു.
അത് ജനങ്ങൾ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും നാരായണൻ പറഞ്ഞു. നിരവധി ആളുകൾ സംഭവ സ്ഥലത്തു വരുകയും പിന്തുണ അറിയിക്കുകയും ഗൾഫ് രാജ്യങ്ങളിൽ നിന്നും ആളുകൾ വിളിച്ച് സന്തോഷം പങ്കിടുകയും ചെയ്തതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ജന്മനാ കോൺഗ്രസ്സ്കാരനാണെന്നാണ് നാരായണൻ പറയുന്നത്. അച്ഛനും സഹോദരനും എല്ലാം കോൺഗ്രസ്സുകാരനായിരുന്നു. ഞാനും സ്കൂൾ കാലം തൊട്ട് പൂർണ്ണമായും പാർട്ടി പ്രവർത്തനത്തിലുണ്ടായിരുന്നു.
ഇന്ന് നടത്തിയ ഒറ്റയാൾ പോരാട്ടം നിമിഷങ്ങൾക്കകമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വയറലായത്. ഒടുവിൽ കൊടിമരത്തിൽ പതാക ഉയർത്തിയ ശേഷം ടി.സിദ്ധിഖും കെ പ്രവീൺകുമാറും ചേർന്ന് നാരങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. സമരം ജനങ്ങൾ ഏറ്റെടുത്തതിൽ ഏറിയ സന്തോഷമുണ്ടെന്ന് നാരായണൻ പറഞ്ഞു.
കൊയിലാണ്ടി പച്ചക്കറി മാർക്കെറ്റിൽ ചുമട്ടു തൊഴിലാളിയാണ് നാരായണൻ. ഭാര്യ ഗീത. മക്കൾ: അക്ഷയ്, ആദിത്.