‘മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കരുത്’; വീട് നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ നടത്തി
പേരാമ്പ്ര: വീട് നിര്‍മാണത്തിനുള്ള പെര്‍മിറ്റിനുള്ള അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ നടത്തി. നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ലോക കേരള സഭയുടെ പേരില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തീരുമാനങ്ങള്‍ക്ക് ഗവര്‍ണറും കേന്ദ്രസര്‍ക്കാറും അനുമതി നല്‍കരുതെന്ന് സി.പി.എ അസീസ് ആവശ്യപ്പെട്ടു. വിവിധ ഫീസുകളും നികുതികളും വര്‍ദ്ധിപ്പിച്ചും അന്യായ സെസ്സുകള്‍ ഏര്‍പ്പെടുത്തിയും സാധാരണ ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ദുരിതത്തിലാഴ്ത്തി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാര്‍ വോട്ട് ചെയ്ത ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം സലിം മിലാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഇബ്രാഹിം, സി.മമ്മു, എന്‍.കെ അഷ്‌റഫ്, റിയാസ് വയലോരം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.എന്‍ നൗഫല്‍ സ്വാഗതവും ലുബൈബ് വെള്ളിയൂര്‍ നന്ദിയും പറഞ്ഞു. ഹബീബ് വാളൂര്‍, കെ.പി.കെ ഹാരിസ്, ഇസ്മയില്‍ നൊച്ചാട്, ആര്‍.കെ ഫിര്‍ദൗസ്, നാഫില്‍ ചാലില്‍, ജംഷാദ് കുന്നത്ത്, തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.