‘മുസ്‌ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവുമല്ല’; ഷാഫി പറമ്പിൽ എം.പിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്
കോഴിക്കോട്: ലോക്സഭയിൽ വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ ഷാഫി പറമ്പിൽ എം.പി ഇടപെട്ടില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സത്താർ പന്തല്ലൂർ. വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽനിന്നു വിട്ടുനിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്നും അദ്ധേഹം പറഞ്ഞു. കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിലാണ് ഷാഫി പറമ്പിൽ ജയിച്ചത്. കെട്ട കാലത്തെ മുസ്‌ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവും ബാലൻസ് കെ. നായർ ഉഡായിപ്പുകളുമല്ലെന്നും സത്താർ പന്തല്ലൂർ വിമർശിച്ചു.
പ്രിയങ്കഗാന്ധിയെ രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് നിന്ന് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി. മുഹമ്മദ് ബഷീറുമൊക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സമുദായാംഗങ്ങൾ എന്നും നന്ദിയുള്ളവരാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് നേതൃനിരയും ഇൻഡ്യ മുന്നണിയും ലോക്സഭയിൽ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല.

സത്താർ പന്തല്ലൂരിൻറെ വാക്കുകൾ: മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകർക്കുക എന്ന ഫാഷിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോക്സഭയിൽ പിന്നിട്ടു. ഉത്തരേന്ത്യൻ മുസ്‌ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആർജ്ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാൻ ഒരുമ്പെടുന്നത്.
രാത്രി പകലാക്കിയ ചർച്ചകൾക്ക് ശേഷം ഇന്നു പുലർച്ചെ 288നെതിരെ 232 വോട്ടുകൾ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. ഗൗരവ് ഗൊഗോയും, കെ.സി. വേണുഗോപാലുമടങ്ങിയ കോൺഗ്രസ് നേതൃനിരയും ഇൻഡ്യ മുന്നണിയും ലോക്സഭയിൽ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല.