മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഉംറ നിര്‍വഹിച്ച് ഷാഫി പറമ്പിൽ; മക്കയിൽ ഇന്ത്യൻ സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾ കോൺസൽ ജനറലിൻ്റെ ശ്രദ്ധയിൽ പെടുത്തിയതായി ഷാഫി
വടകര: വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഒപ്പം ഉംറ നിർവച്ചിച്ചു. ഉംറക്കുള്ള വസ്ത്രം ധരിച്ച ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
‘പ്രതിഭാധന്യമായ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയും പ്രിയ സുഹൃത്തുമായ ഷാഫി പറമ്ബിലിനൊപ്പം ഇന്നലെ വിശുദ്ധ ഉംറ നിർവ്വഹിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റ്.

അതിനിടെ, ജിദ്ദയിലെ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാൻ സുരിയുമായി ഷാഫി പറമ്ബില്‍ എം.പി കൂടിക്കാഴ്‌ച നടത്തി. ജിദ്ദയില്‍ ചെന്നപ്പോള്‍ ലഭിച്ച പരാതികളില്‍ ഇടപെടണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചതായി ഷാഫി പറമ്പിൽ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.’മക്കയിലോ പരിസരത്തോ ഇന്ത്യൻ സമൂഹത്തിന് എംബസി പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു സ്കൂള്‍ ഇല്ലാത്തതിന്റെ പേരില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഷാഫി കുറിപ്പിൽ വ്യക്തമാക്കി.