കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിന് വരെ സാധ്യത; നിസാരക്കാരനല്ല മുണ്ടിനീര്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ (parotid glands) എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന രോഗമാണിത്‌. അഞ്ച് വയസ് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളിലാണ്‌ അസുഖം കൂടുതലായി കണ്ടുവരുന്നത്.

എന്നാല്‍ എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖം കൂടിയാണിത്. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ച വരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഇതിന് ശേഷം ലക്ഷണങ്ങൾ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു.

വിശപ്പില്ലായ്മ, ക്ഷീണ, വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

രോഗപകര്‍ച്ച

ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ ഇവയുടെ കണികകള്‍ വായുവില്‍ കലരു ന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു.

പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുല്‍പാദന തകരാറുകള്‍ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്

യാത്രകള്‍ ഒഴിവാക്കുക

കുട്ടികളെ സ്‌ക്കൂളിലോ മറ്റ് പഠന കേന്ദ്രങ്ങളിലോ വിടരുത്

മാസ്‌ക് ധരിക്കുക

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറച്ച് പിടിക്കുക

രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക

സോപ്പും വെള്ളവും ഉപോയഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക

നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്

ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക

ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നല്‍കാന്‍ സഹായിക്കും

Description: mumps; What are the symptoms? How to defend?