മുക്കാളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു


വടകര: മുക്കാളി ദേശീയപാതയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബിൻ (38), കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്.

ജൂബിനെ വടകര അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചിരുന്നു. അപകടത്തില്‍ കാറില്‍ നിന്നും ഷിജില്‍ പുറത്തേക്ക് തെറിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയില്‍ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.

കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. വടകര അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ഷിജേഷിന്റെ നേതൃത്വത്തില്‍ ടി.പി ഷിജു, വി ലികേഷ്, സി.കെ അർജുൻ, കെ.എം വിജീഷ്, ഐ ബിനീഷ്, പി.കെ ജയ്‌സൽ, സി ഹരിഹരൻ എന്നിവരും നാട്ടുകാരും ചോമ്പാല പോലീസും ചേര്‍ന്നാണ്‌ രക്ഷാ പ്രവർത്തനം നടത്തിയത്.

Description: Mukkali accident; Two people were seriously injured and died