മോട്ടോര്‍ മാസങ്ങള്‍ക്ക് മുന്‍പ് തകരാറിലായി; കുടിവെള്ള പദ്ധതിക്കായി ആരംഭിച്ച കിണറില്‍ വെള്ളമുണ്ടായിട്ടും ജലക്ഷാമത്തില്‍ വലഞ്ഞ് മണ്ടോപ്പാറയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍
കൂരാച്ചുണ്ട്: കിണറില്‍ വെള്ളമുണ്ടായിട്ടും കുടിവെള്ള ക്ഷാമം അനുഭവിച്ച് പ്രദേശ വാസികള്‍. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മണ്ടോപ്പാറ കോളനിയിലും സമീപമുള്ള ലാസ്റ്റ് പൂവ്വത്തുംചോല മേഖലയിലുമുള്ള ജനങ്ങളുമാണ് കുടിവെള്ള ക്ഷാമത്തില്‍ വലയുന്നത്.
ഇവിടെ പ്രദേശത്തുകാര്‍ക്കായി ആരംഭിച്ച മണ്ടോപ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായതാണ് കുടിവെള്ള ക്ഷാമത്തിനു കാരണം. പദ്ധതിയുടെ കിണറ്റില്‍ വെള്ളം ധാരാളം ഉണ്ടെങ്കിലും മോട്ടോര്‍ മാസങ്ങള്‍ക്ക് മുന്‍പ് സാങ്കേതിക തകരാറായത് അറ്റകുറ്റപ്പണി നടത്താന്‍ വൈകുന്നതാണ് ജലക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മണ്ടോപ്പാറ കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍ ഉപയോഗിച്ചുവരുന്ന പഞ്ചായത്ത് കിണറിലും വെള്ളം വറ്റി തുടങ്ങി. ഇപ്പോള്‍ പഞ്ചായത്ത് വാഹനത്തില്‍ കുടിവെള്ളം എത്തിക്കാന്‍ ആരംഭിച്ചെങ്കിലും കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം സജ്ജമായാല്‍ ആവശ്യാനുസരണം കുടിവെള്ളം ലഭിക്കുമെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്.
പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടായ 20 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. എന്നാല്‍ പദ്ധതി ഉപകാരപ്രദമാകാത്ത നിലയിലാണ്. ഇവിടെയും ഈ കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ട് നാളുകള്‍ ഏറെയായെങ്കിലും ജലവിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.