കണ്ണൂരില്‍ മകൻ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു; മകന് പരിക്ക്
കണ്ണൂർ: പഴശ്ശിയിൽ മകൻ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഒറവയൽ വീട്ടിൽ കെ.ശ്രീമതി (64)യാണ് മരിച്ചത്. ഓട്ടോയോടിച്ച ഇവരുടെ മകൻ അനിൽകുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ 5.30ഓടെ മട്ടന്നൂർ-തലശ്ശേരി റോഡിൽ പഴശ്ശി റേഷൻകടയ്ക്ക് മുന്നിലാണ് അപകടം. ശ്രീമതി നടുവേദനയ്ക്ക് വൈദ്യരെ കാണിക്കാൻ എടൂരിലേക്ക് മകനൊപ്പം പോകുകയായിരുന്നു.
ഇതിനിടെ ഓട്ടോയും മട്ടന്നൂർ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാർ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീമതിയെ രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: സി.ഗംഗാധരന്.
മറ്റു മക്കൾ: ബിനു, ബിന്ദു.
Description: Mother dies in an autorickshaw accident driven by her son in Kannur