പഞ്ചായത്ത് പ്രസിഡന്റ് ആവശ്യമുന്നയിച്ചു, പരിഗണിക്കാമെന്ന് എം.എല്‍.എയുടെ ഉറപ്പ്; പേരാമ്പ്ര മാര്‍ക്കറ്റില്‍ ഹൈമാസ് ലൈറ്റിന് വഴിയൊരുങ്ങുന്നു


പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന്റെ ആവശ്യത്തിന് എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ പച്ചക്കൊടി. മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വേദിയിലിരിക്കെ സ്വാഗത പ്രസംഗത്തിലാണ് വി.കെ.പ്രമോദ് ഈ ആവശ്യം ഉന്നയിച്ചത്. അധ്യക്ഷ പ്രസംഗത്തില്‍ ഹൈമാസ് ലൈറ്റ് എത്രയും പെട്ടെന്ന് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി.

ഇന്ന് രാവിലെയാണ് പേരാമ്പ്രയില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് കെട്ടിടം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തത്. പഴയ കെട്ടിടം പൊളിച്ച് ഏകദേശം 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിച്ചത്. മത്സ്യം വെക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബ് ടൈല്‍ പതിച്ച് സജ്ജമാക്കിയിട്ടുണ്ട്.

സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാന്‍ ചാലുകളും ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഒരേ സമയം 50 പേര്‍ക്ക് വില്‍പ്പന നടത്താന്‍ സാധിക്കും. കെട്ടിടത്തില്‍ ആറ് റൂമുകള്‍ ബീഫ് സ്റ്റാളിനായും അഞ്ച് റൂമുകള്‍ പച്ചക്കറി സ്റ്റാളിനായുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചടങ്ങില്‍ മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, എ.കെ.പത്മനാഭന്‍, എം.കുഞ്ഞമ്മദ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സജീവന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി പൊന്‍പറ, എസ്.കെ. സജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ലിസി, ഗ്രാമപഞ്ചായത്ത് അംഗം സി.എം.സജു, യൂസഫ് കോറോത്ത്, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.