‘ആയുർവേദം കോവിഡാനന്തര കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്ത്’; വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രൻ


വടകര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര നഗരസയുടെ സഹകരണത്തോടെ വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ആരംഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ എക്സ്പോ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കോവിഡാനന്തര കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ആയുർവേദം നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങൾക്ക് തടയിടാൻ ആയുർവേദം അനുശാസിക്കുന്ന ജീവിതരീതി ശീലമാക്കണമെന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നു പോലും ആയുർവ്വേദ ചികിൽസക്കായി കേരളത്തെ തേടി വിദഗ്ദർ പോലും എത്തുന്നതും ഈ മേഖലയുടെ പ്രസക്തി വിളിച്ചോതുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ.അനൂപ്. വി.പി സ്വാഗതം പറഞ്ഞു. എ.എം.എ.ഐ ജില്ലാ ഡോക്ടർ റീജ മനോജ് പദ്ധതി വിശദീകരണം നടത്തി. ഡി.എം.ഒ ഇൻ ചാർജ് ഡോക്ടർ സോണിയ, ഡി.പി.എം ഡോ:അനീന, പി.ത്യാഗരാജ്, സി.എം.ഒ ഡോക്ടർ ജഷി ദിനകരൻ, ഡോക്ടർ സുധീർ.എം, കൺവീനർ ഡോക്ടർ മുംതാസ്.എം.കെ എന്നിവർ സംസാരിച്ചു.

എക്സ്പോയുടെ ഭാഗമായി നടന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം രോഗികൾ ചികിത്സ തേടി. കൂടാതെ ആരോഗ്യ വിദ്യാഭ്യാസ ഔഷധസസ്യ പ്രദർശനവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരവും വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.