കണ്ണന്‍സ് ഹോട്ടലിലെത്തുന്നവരോട് കുശലാന്വേഷണം നടത്തി ഭക്ഷണം നല്‍കാന്‍ ഇനി നാരായണക്കുറുപ്പില്ല; പേരാമ്പ്രയില്‍ മതിലിടിഞ്ഞ് വീണ് മരണപ്പെട്ട നാരായണക്കുറുപ്പിന് കണ്ണീരോടെ വിടചൊല്ലി ജന്മനാട്


പേരാമ്പ്ര: കണ്ണന്‍സ് ഹോട്ടലിലെത്തുന്നവരോട് കുശലാന്വേഷണം നടത്തി ഭക്ഷണം വിളമ്പാന്‍ ഇനി നാരായണക്കുറുപ്പില്ല. പേരാമ്പ്രയില്‍
മതിലിടിഞ്ഞ് വീണ് പരിക്കേറ്റ് മരണപ്പെട്ട നാരായണക്കുറുപ്പിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തിയത്.

ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പറേന്റെ മീത്തല്‍ നാരായണകുറുപ്പ് മണ്ണിനടിയില്‍ കുടുങ്ങിയത്. അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് മീറ്ററോളം ഉയരത്തില്‍ കെട്ടിയ മതിലാണ് നാരായണക്കുറുപ്പിന്റെ ദേഹത്തേക്ക് വീണത്. സ്വന്തം വീടിന്റെ ചുമരിനോട് ചേര്‍ന്ന് കല്ലും മൂടിയ നിലയിലാണ് അദ്ദേഹം കുടുങ്ങിയത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടന്‍ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് സമീപം നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദേഹത്തേക്ക് അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന മതിലിടിഞ്ഞ് വീഴുകയായിരുന്നു.

ഭാര്യ ലക്ഷ്മിയെ തനിച്ചാക്കിയാണ് നാരായണക്കുറുപ്പ് വിടവാങ്ങിയത്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. അവരുടെ വിവാഹം കഴിഞ്ഞ് കുടുബത്തോടൊപ്പം കഴിയുകയാണവര്‍. നാരായണക്കുറുപ്പിന്റെ അപകടവിവരവും മരണവും ലക്ഷ്മിയെയും മക്കളെയും തളര്‍ത്തി കളഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജീവനോടെ അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചപ്പോള്‍ ആശ്വാസത്തിലായിരുന്നു അവര്‍, എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ചികിത്സയ്ക്കിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. അനിത, ലത എന്നിവര്‍ മക്കളാണ്. ജയരാജന്‍, പ്രേമന്‍- മരുമക്കള്‍.

68 വയസ്സുണ്ടെങ്കിലും ഇപ്പോഴും ചുറുചുറുക്കോടെയാണ് അദ്ദേഹം നടക്കാറ്. കണ്ണന്‍സ് ഹോട്ടലിലെ സപ്ലൈയറാണ് നാരായണക്കുറുപ്പ്. കടയിലേക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതോടൊപ്പം കുശലാന്വേഷണം നടത്തി സൗഹൃദം സ്ഥാപിക്കാനും അദ്ദേഹം മറക്കാറില്ല.

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം: