ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി.
തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച കുടകളാണോ ഓരോ തവണയും ഇരു കമ്മിറ്റികളും അവതരിപ്പിച്ചത്. ഇതിനിടയിലാണ് പൂരപ്രേമികളെ മുഴുവന്‍ കയ്യിലെടുത്തുകൊണ്ട് തിരുവമ്പാടിക്കാര്‍ മെസ്സിക്കുട അവതരിപ്പിച്ചത്. കൊമ്പന്മാരുടെ പുറത്തേറിയ പ്രിയതാരത്തെ കണ്ടതോടെ പൂരത്തിനെത്തിയ പുരുഷാരമൊന്നാകെ ‘മെസ്സി മെസ്സി…’ എന്ന് ആര്‍ത്തുവിളിച്ചു.
കുടമാറ്റത്തിനായി അണിനിരന്ന ഓരോ ആനയുടെയും പുറത്ത് സ്വര്‍ണ്ണക്കപ്പുയര്‍ത്തി നില്‍ക്കുന്ന മെസ്സിയുടെ രൂപമാണ് ദൃശ്യമായത്. ഒപ്പം പൊടുന്നനെ എല്ലാ വെളിച്ചങ്ങളും അണയുകയും കൊമ്പന്മാരുടെ പുറത്ത് തിളങ്ങുന്ന വലിയ അക്ഷരങ്ങളില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകള്‍ എന്നുകൂടി തെളിഞ്ഞതോടെ പൂരപ്രേമികള്‍ ഉന്മാദാവസ്ഥയിലായി.
കുടമാറ്റം കഴിഞ്ഞതോടെ ഇനി ആകാശവിസ്മയമാവുന്ന വെടിക്കെട്ടിനായാണ് ഇനി തൃശൂര്‍ കാത്തിരിക്കുന്നത്.
വീഡിയോ കാണാം:
(കടപ്പാട്: മാതൃഭൂമി ന്യൂസ്)