നാളത്തെ ഹര്‍ത്താല്‍ പേരാമ്പ്ര മേഖലയിലെ വ്യാപാരികളെ ബാധിക്കുമോ? വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി സന്തോഷ് സെബാസ്റ്റന്‍ പറയുന്നു


പേരാമ്പ്ര: സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുവിലെ സ്ഥിതിയനുസരിച്ച് നിലപാട് എടുക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറിയും പേരാമ്പ്ര ഏരിയ സെക്രട്ടറിയുമായ സന്തോഷ് സെബാസ്റ്റിയന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

”പൊതുസമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്നയാളുകളാണ് ഞങ്ങള്‍. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ പറഞ്ഞാല്‍ അതിനോട് സഹകരിക്കുകയല്ലാതെ എന്താണ് ചെയ്യുക? രാഷ്ട്രീയപരമായ നിലപാട് വേറെയുണ്ട്. സംഘടനാപരമായ നിലപാടുമുണ്ട്. സംഘടനയെന്ന നിലയ്ക്ക് നാളെ പൊതുവില്‍ എന്താണ് സ്ഥിതിയെന്ന് നോക്കിയേ നിലപാട് എടുക്കുകയുള്ളൂ.” അദ്ദേഹം പറഞ്ഞു.

”ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും പൊതുവായി ഒരു പ്രകടനം നടത്തി നാളെ ഹര്‍ത്താലാണെന്ന് പറയുമ്പോള്‍ കച്ചവടക്കാര്‍ക്ക് അവരുടെ സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാരണം നാളെ ഏതെങ്കിലും അക്രമസംഭവമുണ്ടായാല്‍ സ്ഥാപന ഉടമകള്‍ക്കാണ് നഷ്ടം.” സന്തോഷ് സെബാസ്റ്റിയന്‍ വ്യക്തമാക്കി.

നാളെ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് വിയോജിപ്പുണ്ടെങ്കിലും ഒരു പ്രദേശങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടെങ്കില്‍ അതനുസരിച്ച് യൂണിറ്റുകള്‍ക്ക് തീരുമാനമെടുത്ത് മുന്നോട്ട് പോകാമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.