കാറിനുള്ളിൽ എം.ഡി.എം.എ; നാദാപുരത്ത് പോലീസ് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ


നാദാപുരം: കാറില്‍ പോലീസ് പരിശോധനയിൽ എം.ഡി.എം.എ കണ്ടെത്തിയതിനെ തുടർന്ന ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. വാണിമേല്‍ കോടിയുറ സ്വദേശി കോരമ്മന്‍ ചുരത്തില്‍ അജ്‌നാസ് (29) ആണ് പിടിയിലായത്. വളയം സിഐ ഇ.വി.ഫായിസ് അലിയുട നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്‌നാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 58 ഇ 8899 നമ്ബര്‍ ഇന്നോവ കാര്‍ പരപ്പ് പാറയില്‍ പോലീസ് പട്രോളിംഗിനിടെ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ച്‌ പോയി. പോലീസ് പിന്തുടര്‍ന്നപ്പോള്‍ കാര്‍ നിര്‍ത്തി അജ്‌നാസ് ഓടി രക്ഷപ്പെടുകയായിരുന്നു.

കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പോലീസ് 0.45 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി വീട്ടില്‍ എത്തിയതറിഞ്ഞു പോലിസ് അവിടെയെത്തി പിടികൂടുകയായിരുന്നു.

Summary: MDMA found in car; Suspect arrested after fleeing police check in Nadapuram