എം.ഡി.എം.എ കേസ്; റിമാൻഡിലായ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വാങ്ങി നാദാപുരം പോലീസ്


നാദാപുരം: മാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , സുഹൃത്ത് കുമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരെയാണ് നാദാപുരം പോലിസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.

വാഹന പരിശോധനക്കിടെ സപ്തംബർ ഒമ്പതിന് രാത്രിയാണ് 32.62 ഗ്രാം എം.ഡി.എം.എ യുമായി നാദാപുരം എസ്.ഐ അനീഷ് വടക്കേടത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പേരോട് – പാറക്കടവ് റോഡില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കേസന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സി.ഐ എം.സി.സാജൻ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി വടകര എൻ.ഡി.പി.എസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടർന്നാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. കൂടുതല്‍ തെളിവെടുപ്പിനും, ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പ്രതികളെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണ്‍ സൈബർ സെല്‍ പരിശോധന നടത്തി. കസ്റ്റഡിയില്‍ വാങ്ങിയ രണ്ട് പേരെയും കോടതിയില്‍ തിരിച്ചേല്‍പ്പിക്കുമെന്ന് സി.ഐ പറഞ്ഞു.

Summary: MDMA case; Nadapuram police took the remanded woman and her friend into custody