മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌ക്കൂളില്‍ മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം, വിശദമായി അറിയാം


കോഴിക്കോട്‌: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും) നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാര്‍ച്ച് 31 വരെ മാത്രം. സ്ഥിരം നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിയമിക്കപ്പെടുന്നവരുടെ പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് മണി വരെയായിരിക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് 12000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും.

നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്,(എസ്എസ്എല്‍സി ബുക്ക്), മുന്‍പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2370379.