നരിപ്പറ്റയിൽ വൻ മയക്കുമരുന്ന് വേട്ട; മുൻ പ്രവാസിയായിരുന്ന യുവാവിന്റെ വീട്ടിൽ നിന്നും 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി


കുറ്റ്യടി: നരിപ്പറ്റയിൽ വൻ മയക്കുമരുന്ന് വേട്ട. നരിപ്പറ്റ സൂപ്പർമുക്കിലെ ചാത്തോത്ത് നഹിയാന്റെ വീട്ടിൽ നിന്ന് വൻ തോതിൽ എംഡിഎംഎ പിടികൂടി. 10 ലക്ഷം രൂപ വിലവരുന്ന 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് കുറ്റ്യാടി പോലീസ് നഹിയാൻറെ വീട് വളഞ്ഞ് പരിശോധന നടത്തിയത്.

കിടപ്പുമുറിയിൽ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ഈ സമയം നഹിയാൻ വീട്ടിൽ ഇല്ലായിരുന്നു. നരിപ്പറ്റ, കമ്പനിമുക്ക് ഭാഗങ്ങളിൽ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതായി പോലീസിന് നേരത്തേയും വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഏറെ നാളായി നഹിയാൻ പോലീസിൻറെ നിരീക്ഷണത്തിലായിരുന്നു.

മുൻപ് പ്രവാസിയായിരുന്ന നഹിയാൻ വിവാഹ ശേഷം വിദേശത്തേക്ക് പോയിട്ടില്ല. ഇയാൾക്കായി അന്വേഷണം വ്യാപിച്ചിട്ടുണ്ടെന്ന് കുറ്റ്യാടി പോലീസ് അറിയിച്ചു .