ഒന്ന് രണ്ട് പ്രാവശ്യം തപ്പി നോക്കിയപ്പോഴാണ് കാല്‍ അവിടെ ഇല്ലെന്ന് മനസ്സിലാക്കിയത്; പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങള്‍, കരുത്തായി കൂട്ടൂകാരും വീട്ടുകാരും, ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയ പേരാമ്പ്രക്കാരന്‍ വൈശാഖ് പറയുന്നു


പേരാമ്പ്ര: അവര്‍ അറിയുന്നില്ലെങ്കിലും നമുക്ക് എന്നും പ്രോത്സാഹനമായി മാറുന്ന ചില മുഖങ്ങളുണ്ട്. ആവള സ്വദേശി വൈശാഖും ആ കൂട്ടത്തില്‍പ്പെടുന്നയാളാണ്. തന്റെ പരിതികളില്‍ തളര്‍ന്നിരിക്കാതെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഒരു ജീവിതം ജീവിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

‘ഞാനും നിങ്ങളെപ്പോലെ രണ്ട് കാലില്‍ നട്ടെല്ല് നിവര്‍ത്തി നടന്ന ഒരാളാണ്. കോഴിക്കോട് ജില്ലയില്‍ ഒരു ടീമിന്റെ സെലക്ഷന്‍ ഉണ്ടെന്നറിഞ്ഞിട്ട് എന്റെ വീട്ടിലേക്ക് കിറ്റ് എടുക്കാന്‍ വരുമ്പോഴാണ് അപകടം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്, ഞാന്‍ ഇരുന്ന ബൈക്കില്‍ ഒരു വളവില്‍ വച്ച് തട്ടി, ബൈക്ക് ഘട്ടറില്‍ വീണു. ഏട്ടനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഏട്ടന്‍ റോഡ് സൈഡിലും ഞാന്‍ ആ ബസിന്റെ പിന്‍വശത്തെ ടയറിലും തെറിച്ചു വീണു.

ടയറ് വലതു കാലില്‍ കയറിയിട്ടാണ് കാല് മുറിച്ച് കളഞ്ഞത്. ആശുപത്രി ബെഡ്ഡില്‍ മൂത്തച്ഛന്‍ മാത്രമാണ് ആകെ വന്ന് നില്‍ക്കാറ്, ബാക്കിയെല്ലാരും എന്നെ കാണുമ്പോള്‍ തന്നെ സങ്കടപ്പെട്ട് കരഞ്ഞോണ്ട് ഇറങ്ങിപ്പോവാറാണ് പതിവ്.

ഒരു ദിവസം വലത് കാല് വേദനയാകുന്ന ഫീല്‍ വല്ലാതെ കൂടിയപ്പോള്‍, മൂത്തച്ഛനോട് കാല് തടവിത്തരാന്‍ പറഞ്ഞു. മൂത്തച്ഛന്‍ എന്റെ ഇടത് കാല് തടവി തന്നു. ഇടത് കാലിന് ഒരുപാട് പരിക്കുകള്‍ പറ്റിയിട്ടുണ്ട്, കമ്പിയിട്ടിട്ടുണ്ട്, പ്ലാസ്റ്റിക് സര്‍ജറിയൊക്കെ ചെയ്തിട്ടുണ്ട്. ഇടത് കാലിന്റെ വിരല്‍ മാത്രമാണ് പുറത്തുള്ളത്, മൂത്തച്ഛന്‍ ആ വിരലുകള്‍ തടവുമ്പോള്‍ ഞാന്‍ വലത് കാല് തടവിത്തരാന്‍ പറഞ്ഞു. അപ്പോള്‍ മൂത്തച്ഛന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

അന്നാണ് ഞാന്‍ കല്‍ അവിടെയുണ്ടോയെന്ന് തപ്പി നോക്കുന്നത്. തപ്പിത്തപ്പി ഒരു പരിധിവരെയെത്തുമ്പോള്‍ കൈ വീണുപോകും. അങ്ങനെ ഒന്ന് രണ്ട് പ്രാവശ്യം തപ്പി നോക്കിയപ്പോഴാണ് കാലില്ല എന്ന വിവിരം അറിഞ്ഞത്. അന്ന് ഒരുപാട് സങ്കടമുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട സങ്കടം ഫുട്‌ബോള്‍ കളിക്കാന്‍ പറ്റില്ലല്ലോ, ആര്‍മിയില്‍ പോകാന്‍ പറ്റില്ലല്ലോ, എന്നതായിരുന്നു.

പക്ഷേ എന്റടുത്ത് ഒരു നഴ്‌സ് വന്നിട്ട് പറഞ്ഞത്, ഞാന്‍ സങ്കടപ്പെട്ടിരുന്നാല്‍ എന്റെ വീട്ടുകാര്‍ എന്നെക്കാള്‍ കൂടുതല്‍ സങ്കടപ്പെടും, എന്റെ കാല്‍ മുറിച്ച് കളഞ്ഞ് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്, അതില്‍ സങ്കടപ്പെടാതിരിക്കുക.

എന്റെ പ്ലാസ്റ്ററൊക്കെ വെട്ടി രണ്ടാമത് വീട്ടിലേക്ക് തിരിച്ച് വന്ന് ഫിസിയോ തെറാപ്പിയൊക്കെ കഴിഞ്ഞപ്പോള്‍ ആദ്യം കയറിയത് സൈക്കിളിലാണ്. അന്നെന്റെ കൂടെ എന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. സൈക്കിള്‍ ഓടിക്കുന്നത്, നീന്തല്‍, ഡ്രൈവിംഗ്, കാര്‍ ഓടിക്കല്‍, സ്‌കൂട്ടി ഓടിക്കല്‍ എല്ലാം രണ്ടാമത് പഠിച്ചെടുത്തതാണ്. എനിക്ക് ജീവിതത്തില്‍ പല കാര്യങ്ങളും രണ്ടാമത് പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്.

അന്നൊക്കെ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തത് എന്റെ സുഹൃത്തുക്കളും എന്റെ വീട്ടുകാരുമാണ്. സ്റ്റിക്ക് ഉപയോഗിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍, നടത്തത്തിന് വേഗത കൂടിയപ്പോള്‍ മുതലാണ് വീട്ടിലുള്ള പന്ത് തട്ടാനൊക്കെ തുടങ്ങിയത്. അങ്ങനെ ഒരുപാട് കളിച്ചിട്ടുണ്ട്. ഗ്രൗണ്ടിലിറങ്ങാന്‍ പറ്റുമെന്ന് എനിക്ക് ഒരു കോണ്‍ഫിഡന്‍സ് വന്ന് തുടങ്ങിയപ്പോള്‍ മുതലാണ് എന്റെ നാട്ടിലുള്ള ഗ്രൗണ്ടിലിറങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ എന്നെ നോര്‍മല്‍ ആയിട്ടുള്ള ഒരാളായി കണ്ടിട്ടാണ് എന്റെ സുഹൃത്തുക്കള്‍ കളിക്കുന്നത്. എനിക്ക് ഒരു പരിഗണനയും എന്റെ സുഹൃത്തുക്കള്‍ തരാത്തതാണ് എന്റെ ജീവിത്തിലെ ഏറ്റവും വലിയ വിജയം എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.’

ഇന്ത്യയുടെ ആദ്യ അംഗഹീന ഫുട്‌ബോള്‍ ടീം സംഘടിപ്പിച്ച്, അതിന്റെ ക്യാപ്റ്റനായി മാറിയ വ്യക്തിയാണ് വൈശാഖ്. ഏഷ്യല്‍ കപ്പ് ആമ്പ്യൂട്ടീ ടീം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ചു. ഇന്ന് നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയുടെ ഭാഗമാണ് അദ്ദേഹം.

ഒരു ലക്ഷ്യത്തിന് വേണ്ടി എത്ര തവണ പരിശ്രമിച്ചു എന്നല്ല, അത് കിട്ടുന്നത് വരെ പരിശ്രമിച്ചു എന്നുള്ളതാണ് കാര്യമെന്നും നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ എല്ലാര്‍ക്കും എല്ലാവരുടെയും ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.