പൊലീസ് ഊര്‍ജ്ജസ്വലമായി ഇടപെട്ടു; മുക്കത്ത് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി; കാര്‍ ഓടിച്ചിരുന്നത് യുവഡോക്ടര്‍; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാത്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെതിരെയും പ്രതിഷേധം


മുക്കം: മണാശ്ശേരി സ്‌കൂളിനു സമീപം അപകടംവരുത്തിയ ശേഷം നിര്‍ത്താതെ പോയ കാര്‍ മണിക്കൂറുകള്‍ക്കും പിടികൂടി മുക്കം പൊലീസ്. കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് ബേബി പെരുമാലിയുടെ മരണത്തിനുവരെ കാരണമായത് കാര്‍ യാത്രികരുടെ മനുഷ്യത്വരഹിതമായ നീക്കമായിരുന്നു.

അര്‍ധരാത്രിയില്‍ അപകടം നടന്നതിനു പിന്നാലെ റോഡില്‍ രക്തംവാര്‍ന്നുകിടക്കുകയായിരുന്ന ബേബിയെ ആശുപത്രിയിലെത്തിക്കാതെ കാറുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാവിലെ മുതല്‍ മുക്കം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, എസ്.ഐ. സജിത്ത്, എ.എസ്.ഐ. ഷിബില്‍ ജോസഫ്, ഷോബിന്‍ എന്നിവരുടെ നേതൃത്വത്തിന്‍ മണാശ്ശേരി മുതല്‍ കുന്ദമംഗലംവരെയുള്ള ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഉള്‍റോഡിലൂടെ കാറുമായി പോയതിനാല്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭ്യമായില്ല.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ കാമറകളും അപകടസ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ ചെറിയ ഭാഗം ഉപയോഗിച്ചുള്ള പരിശോധനയും ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളും കൂട്ടിയിണക്കി നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് മണാശ്ശേരിക്കടുത്തുള്ള വീട്ടില്‍നിന്ന് കാര്‍ കണ്ടെത്തിയത്. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ തൊടുപുഴ സ്വദേശിയായ യുവഡോക്ടര്‍ ആണ് കാറോടിച്ചിരുന്നതെന്നും ഇയാള്‍ ചികിത്സയിലാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം, അപകടസമയത്ത് കാര്യക്ഷമമായി ഇടപെടാതെ, ഒഴിഞ്ഞുമാറിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. ബേബിയെ ആശുപത്രിയിലെത്തിച്ച ഹാച്ചി കോ ആനിമല്‍ റെസ്‌ക്യു ടീമംഗം ജംഷീറിന്റെ സമൂഹമാധ്യമ പോസ്റ്റ് പുറത്തുവന്നതോടെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

സിവില്‍ ഡിഫന്‍സ് അംഗമായ ഓമശ്ശേരി പൂതാടത്തുംകണ്ടി പ്രജീഷും സുഹൃത്തുക്കളായ അഖില്‍ ചന്ദ്രനും ജംഷീര്‍ മേലേമ്പ്രയും കയിച്ചുകൊട്ടിച്ചാലില്‍ ശിവനുമാണ് റോഡില്‍ രക്തംവാര്‍ന്നുനിലയില്‍ കണ്ട ബേബിയെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോടുനിന്ന് മുത്തപ്പന്‍ പുഴയിലേക്കുള്ള ബസില്‍ വരുന്നതിനിടെ അപകടം ശ്രദ്ധയില്‍പെട്ടതോടെ ബസ് നിര്‍ത്തിച്ച് ഇവിടെ ഇറങ്ങുകയായിരുന്നു ഇവര്‍. ചെറിയ പരിക്കാണെങ്കില്‍ ഇതേ ബസില്‍ ആശുപത്രിയില്‍ എത്തിക്കാമെന്നാണ് അവര്‍ കരുതിയത്. ഇക്കാര്യം ബസ് ജീവനക്കാരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ ഇറങ്ങിയ ഉടന്‍ ബസ് വിട്ടുപോയി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗും സാധനങ്ങളും പോലും ബസിനകത്തായിരുന്നു.

ആംബുലന്‍സ് വിളിച്ചാണ് ബേബിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ജംഷീറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.