പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; മുചുകുന്ന് സ്വദേശിയെ രക്ഷപെടുത്തിയത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ, കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേനയ്ക്ക് കയ്യടി


കൊയിലാണ്ടി: കിണറ്റിൽ വീണ മുചുകുന്ന് സ്വദേശിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. മൂടാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി നാരായണിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് വീണത്. ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറ്റിലാണ് വീണത്.

ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്തന്റെ നേതൃത്തത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ഹേമന്ത് ബി സേനാംഗങ്ങളുടെയും റെസ്ക്യു നെറ്റിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും ഇയാളെ പരിക്കുകൾ കൂടാതെ കരയ്ക്ക് എത്തിക്കുകയും ചെയ്തു. ഏറെ ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് ഇയാളെ രക്ഷപെടുത്തിയത്.

ഗ്രേഡ് എ.എസ്.ടി.ഓ ബാബു പി കെ, എഫ്.ആർ.ഓമാരായ ഇർഷാദ് പി കെ, വിഷ്ണു വി, ബബീഷ് പി എം, ബിനീഷ് ബി.കെ, സത്യൻ, റഷീദ് കെ പി, ഹോംഗാർഡ്മാരായ സുജിത്ത്, ബാലൻ, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.