സൗദിയില്‍ നിന്നും നെടുമ്പാശ്ശേരിയിലിറങ്ങി നാട്ടിലേക്ക് യാത്ര ചെയ്യവേ ബസ്സപകടം; ബസിന്റെ ചില്ല് തകര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ മലപ്പുറം സ്വദേശിനിയ്ക്ക് ദാരുണാന്ത്യം


അങ്കമാലി: എറണാകുളം അങ്കമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു.

സൗദിയില്‍ നിന്നും ഇന്നലെ രാത്രിയാണ് സെലീന നെടുമ്പാശ്ശേരിയിലെത്തിയത്. ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യവേയായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരില്‍ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 5.45 ഓടെയായിരുന്നു സംഭവം. അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍ വശത്തുവെച്ച് സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ചില്ല് തകരുകയും പിന്‍വശത്തായിരുന്ന സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്‌ളോര്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്.