‘മലയാളികൾക്കിഷ്ടമാണ്, അഭിമാനമാണ്’; ആസിഫലിക്ക് ഐക്യദാർഢ്യവുമായി ഷാഫി പറമ്പിൽ എം പി


വടകര: ആസിഫലിക്ക് ഐക്യദാർഢ്യവുമായി ഷാഫി പറമ്പിൽ എം പി. മലയാളികൾക്കിഷ്ടമാണ്, അഭിമാനമാണ് എന്ന തലക്കെട്ടോടുകൂടി ആസിഫലിക്കൊപ്പമുള്ള ചിത്രമാണ് ഐക്യദാർഢ്യം അറിയിച്ച് ഷാഫി പറമ്പിൽ പങ്കുവച്ചത്.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് മനോരഥങ്ങളുടെ ട്രെയിലർ റിലീസിനിടെയുണ്ടായ പുരസ്‌കാരദാന ചടങ്ങിൽ സംഗീത സംവിധായകൻ രമേശ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചിരുന്നു. തുടർന്ന് പ്രമുഖരുൾപ്പടെ നിരവധി പേരാണ് ആസിഫലിക്ക് ഐക്യദാർഢ്യവുമായി എത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷാഫി പറമ്പിൽ ആസിഫലിയോടുള്ള ഐക്യദാർഢ്യം അറിയിച്ചത്.

പുരസ്‌കാരം കൈമാറാൻ ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ വലിയ താല്പര്യം കാണിക്കാതെ രമേശ് നാരായണൻ അവാർഡ് വാങ്ങി. ആസിഫിനെ ശ്രദ്ധിക്കാതെ സംവിധായകൻ ജയരാജിനെ വേദിയിലേക്ക് ക്ഷണിച്ച് പുരസ്‌കാരം ജയരാജിന്റെ കയ്യിൽ കൊടുത്തു. പിന്നീട് ജയരാജിൽ നിന്നും അവാർഡ് കൈപറ്റി അദ്ദേഹത്തെ ആലിംഗനം ചെയ്ത ശേഷം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

ഇതിലൂടെ ആസിഫിനെ അപമാനിക്കുകയാണ് സംഗീതജ്ഞന്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. വളരെ മോശമായ ഒരു നിലപാടാണ് ഇതെന്നാണ് പലരും പറയുന്നത്.