”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി. ട്രയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫിയെന്നയാള്‍ കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് തട്ടിപ്പിന് ഇരയായ അധ്യാപകന്‍ വിശദീകരിക്കുന്നു:

”നാലുമാസം മുമ്പാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെട്ടത്. ഷൊര്‍ണൂരില്‍ നിന്നും പയ്യോളിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ആദ്യം കണ്ടത്. യാത്രയ്ക്കിടെ ഞാന്‍ ഒരാളുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചിരുന്നു. എന്റെ സാമ്പത്തിക പ്രയാസങ്ങളും മറ്റും ആ സംസാരത്തിനിടയില്‍ വന്നിരുന്നു. ഇത് കേട്ട മുഹമ്മദ് ഷാഫി തന്നോട് സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും പരിചയപ്പെടുകയും ചെയ്തിരുന്നു.

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയാണെന്നും പൊള്ളാച്ചിയിലെ ഒരു കോളേജില്‍ പ്രഫസറാണെന്നുമാണ് എന്നോട് പറഞ്ഞത്. ഉപ്പ അഡ്വ. അബ്ബാസ് ദാരിമി കാഞ്ഞങ്ങാട് മുതരിസും അവിടുത്തെ മഹല്ലിലെ കാളിയുമാണെന്നും പറഞ്ഞിരുന്നു. കൂടാതെ കാസര്‍കോട് സമസ്ത മുശാവറാ അംഗമാണെന്നും പറഞ്ഞു. അദ്ദേഹമാണ് പൊള്ളാച്ചിയിലെ കോളജിന്റെ പ്രിന്‍സിപ്പലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. അദ്ദേഹം ചെയര്‍മാനായ ഒരു ട്രസ്റ്റ് പൊള്ളാച്ചിയിലുണ്ട്. സാധുജനങ്ങളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്നത്. അത് പാവപ്പെട്ട വീടില്ലാത്തവര്‍ക്ക് വീടും രോഗികള്‍ക്ക് ചികിത്സാ സഹായവുമൊക്കെ നല്‍കാറുണ്ടെന്നും പറഞ്ഞു. ഉപ്പയോട് പറഞ്ഞ് എനിക്ക് വീടും സ്ഥലവും വെക്കാനുള്ള സഹായം ചെയ്തുനല്‍കാമെന്ന് ഉറപ്പുനല്‍കി. ഇതിനായി വാട്സ്ആപ്പിന്റെ എന്റെ ജോലിയും കുടുംബത്തിന്റെയും വരുമാനത്തിന്റെയുമൊക്കെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് നമ്പര്‍ നല്‍കി.

വീട് നല്‍കാനായി ട്രസ്റ്റ് വക 25 ലക്ഷം രൂപ വരെ അനുവദിക്കാറുണ്ടെന്നാണ് അയാള്‍ പറഞ്ഞത്. ഇതിനായി ഞാന്‍ നല്‍കുന്ന വിവരങ്ങള്‍ നോക്കി വീട്ടില്‍ അന്വേഷണത്തിനായി ഒരു കൂട്ടരെത്തുമെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ധനസഹായം കിട്ടുമെന്നുമാണ് പറഞ്ഞത്. താനും ഉപ്പയും ശുപാര്‍ശ ചെയ്യുന്നയാള്‍ ആയതിനാല്‍ മൂന്നുമാസത്തിനുള്ളില്‍ സഹായം ശരിയാക്കിതരാമെന്നും പറഞ്ഞു.

അന്ന് ഞാന്‍ പയ്യോളിയില്‍ ഇറങ്ങുകയും അയാള്‍ കാഞ്ഞങ്ങാട്ടേക്കെന്നും പറഞ്ഞ് പിരിഞ്ഞു. തുടര്‍ന്നുള്ള ധനസഹായ ആവശ്യത്തിനെന്ന രീതിയില്‍ പലതവണ ഫോണിലും വാട്സ്ആപ്പിലും ബന്ധപ്പെട്ടിരുന്നു. അയാള്‍ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ വാട്സ്ആപ്പിലൂടെ കൈമാറിയിരുന്നു. ട്രസ്റ്റ് അധികൃതര്‍ അന്വേഷണത്തിനായി തന്നെ തന്നെയാണ് ചുമതലപ്പെടുത്തിയതെന്ന് പറഞ്ഞ് അയാള്‍ ഞാന്‍ താമസിക്കുന്ന ആവിക്കലിലെ വീട്ടിലെത്തി. എന്റെ കയ്യിലുള്ള പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്ക് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ആ സമയത്ത് ഞാന്‍ ബൈക്കില്‍ നിന്നും വീണ് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നു. മാനസികമായും ശാരീരികമായും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്റെ ബുദ്ധിമുട്ടുകള്‍ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഉപ്പയുടെ കീഴില്‍ തന്നെയുള്ള കാഞ്ഞങ്ങാട്ടെയും തമിഴ്നാട്ടിലെയും മറ്റ് ചില ട്രസ്റ്റുകളുടെ കൂടി സഹായം കിട്ടുമോയെന്ന് നോക്കാമെന്നും പറഞ്ഞാണ് പിരിഞ്ഞത്.

പിന്നീട് തൃശൂരിലേക്കോ പാലക്കാടേക്കോ പോകുന്ന വഴിക്കെന്ന് പറഞ്ഞ് ഇടയ്ക്കിടെ വീട്ടില്‍ വരും. ഭക്ഷണം കഴിക്കും താമസിക്കും. സംസാരത്തിനിടയില്‍ ഒരിക്കല്‍ ഉപ്പാക്കും മൂത്താപ്പയ്ക്കും മന്ത്രവാദത്തിന്റെയും പച്ചമരുന്നിന്റെയും ചികിത്സയുണ്ടെന്ന് പറഞ്ഞിരുന്നു. ഉപ്പയെന്നും ഉമ്മയും പറഞ്ഞ് ചിലരെ ഫോണിലൂടെ പരിചയപ്പെടുത്തുകയും അവരുമായി പലതവണ ഞങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ഒരുതവണ വീട്ടില്‍ വന്നപ്പോള്‍ പൊള്ളാച്ചിയിലെ സ്ഥാപനത്തിലേക്ക് വരുന്ന ചില പുസ്തകങ്ങള്‍ ബാംഗ്ലൂരില്‍ നിന്നും കണ്ണൂരില്‍ എത്തുമെന്നും രണ്ടുമാസത്തേക്ക് അത് സൂക്ഷിക്കാന്‍ ഒരു മുറിവേണമെന്ന് ഉപ്പ ആവശ്യപ്പെട്ടതായി പറഞ്ഞു. കുറഞ്ഞ വാടകയ്ക്ക് പയ്യോളിയില്‍ ഒരു റൂം കണ്ടെത്താന്‍ സഹായിക്കാമോയെന്ന് ചോദിച്ചു. ഇതനുസരിച്ച് ഞാന്‍ ആവിക്കല്‍ കാരക്കോട് താഴെ ഒരു റൂം സംഘടിപ്പിച്ചു നല്‍കി. ഓണറെ ഇയാള്‍ക്ക് നേരിട്ട് പരിചയപ്പെടുത്തിയാണ് മുറിയെടുത്തത്. വാടക എന്റെ കയ്യില്‍ നിന്ന് തല്‍ക്കാലം കൊടുക്കാമോയെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ഞാന്‍ തന്നെയാണ് കൊടുത്തത്. കണ്ണൂരില്‍ നിന്നും മൂന്ന് ബാഗുകള്‍ ഈ മുറിയിലേക്ക് എത്തിക്കുകയും ചെയ്തു. അതിന് ചെലവ് വന്ന രണ്ടായിരം രൂപയും ഞാന്‍ തന്നെയാണ് കൊടുത്തത്.
പിന്നീട് ഈ മുറിയിലേക്കും എന്റെ വീട്ടിലേക്കുമായി പലതവണ ഇയാള്‍ വന്നിട്ടുണ്ട്. ഇതിനിടയില്‍ പലപ്പോഴായി 75000 രൂപയോളം വാങ്ങിയിട്ടുമുണ്ട്. ശമ്പളം അക്കൗണ്ടിലേക്ക് വന്നില്ലെന്നും മറ്റും പറഞ്ഞ് കടമെന്ന നിലയിലാണ് പണം വാങ്ങിച്ചിട്ടുള്ളത്. ഒരു തവണ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരം ഒരു ഉസ്താദിന് മരുന്ന് വാങ്ങാന്‍ നല്‍കാനാണെന്നും പറഞ്ഞ് നാലായിരം രൂപ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു നമ്പര്‍ നല്‍കിയിരുന്നു. ഞാനത് അക്കൗണ്ടില്‍ നേരിട്ട് ഇട്ടുനല്‍കുകയാണ് ചെയ്തത്.

പൊള്ളാച്ചിയിലെ സ്ഥാപനത്തിന്റെ മേധാവികളുടേത് എന്ന് പറഞ്ഞ് രണ്ട് മൂന്ന് നമ്പറുകള്‍ നല്‍കിയിരുന്നു. ഒരു തവണ പോലും അതില്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ല. പലപ്പോഴും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രമേ ഈ നമ്പര്‍ ഓണ്‍ ചെയ്യാറുള്ളൂവെന്നാണ് അയാള്‍ പറഞ്ഞത്.

പരിചയപ്പെട്ട് ഒന്നുരണ്ട് മാസത്തിനിടയില്‍ വീടിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ട് എന്ന തോന്നല്‍ ഞങ്ങളിലുണ്ടാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഫണ്ട് അടുത്തയാഴ്ച എത്തുമെന്ന് അറിഞ്ഞെന്നും തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്നും ചെലപ്പോള്‍ അവിടെ പോകേണ്ടിവരുമെന്നും ഒക്കെ പറഞ്ഞ് ഞങ്ങളിലെ വിശ്വാസ്യത നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു.

മൂന്ന് രണ്ടര മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ചെറിയതോതില്‍ ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയിരുന്നു. എന്റെ പോക്കറ്റില്‍ നിന്നും പണം നഷ്ടമാകുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ടും ഇയാളെ വിശ്വസിച്ചതായി ഭാവിച്ചത് പലപ്പോഴായി അയാള്‍ എന്റെ കയ്യില്‍ നിന്നും കൈപ്പറ്റിയ പണം എങ്ങനെയെങ്കിലും തിരിച്ച് നേടണം എന്ന് മനസില്‍ കരുതിയാണ്.

സെപ്റ്റംബര്‍ 22ന് ഇയാള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. ഞാന്‍ പോകുകയാണെന്നും പതിനാല് ദിവസത്തേക്ക് ഉണ്ടാവില്ലെന്നും അത് കഴിഞ്ഞേ തിരിച്ചുവരൂവെന്നും പറഞ്ഞു. എന്റെ വീട്ടില്‍ നിന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ശേഷം നിസ്‌കരിക്കണമെന്ന് പറഞ്ഞു. ക്വാട്ടേഴ്സ് ആയതിനാല്‍ ഒരു മുറിയും ഹാളും മാത്രമാണുള്ളത്. മുറിയില്‍ കയറി നിസ്‌കരിച്ചോട്ടേയെന്ന് ചോദിച്ചു. മക്കള് ശല്യപ്പെടുത്തുന്നതിനാലാവാമെന്ന് കരുതി. എപ്പോഴും വീട്ടില്‍ വരുമ്പോള്‍ ഒരു കറുത്ത ബാഗ് തോളിലുണ്ടാവാറുണ്ട്. അത് മുറിയിലെ റാക്കില്‍ വയ്ക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ അന്നും ബാഗ് കയ്യിലുണ്ടായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞാണ് മുറി തുറന്നത്. നിസ്‌കരിച്ചതാണെന്ന് ഞങ്ങളും കരുതി.

ഇയാളുടെ സാധനങ്ങള്‍ ആരും തൊടുന്നതൊന്നും അയാള്‍ക്ക് ഇഷ്ടമല്ല. ഒരു തവണ ബാഗില്‍ നിന്നും മോന്‍ ഏതോ ബ്ലൂടൂത്ത് ഡിവൈസ് എടുത്തതിന് അവനെ അടിച്ചതായി ഭാര്യ പറഞ്ഞിട്ടുണ്ട്. ഇത് ചോദ്യം ചെയ്തതിന് ഭാര്യയയെയും അയാള്‍ വടിയെടുത്ത് അടിച്ചു. ഇക്കാര്യം എന്നോട് പറഞ്ഞാല്‍ ഇളയമകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഞാന്‍ മനസിലാക്കിയത് ഇക്കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണ്.

ചാത്തന്‍സേവയിലൂടെ പണവും സ്വര്‍ണവുമൊക്കെ നഷ്ടപ്പെടാറുണ്ടെന്നും അതിനാല്‍ ശ്രദ്ധിക്കണമെന്നും ഭാര്യയെ വിളിക്കുന്ന സമയത്ത് പലപ്പോഴും ഇയാള്‍ പറയുമായിരുന്നു. അതൊക്കെ അയാള്‍ വെറുതെ പറയുകയാണെന്നും അതിലൊന്നും കാര്യമില്ലെന്നും ഞാനവളോട് പറയും. ഒക്ടോബര്‍ രണ്ടാം തിയ്യതി വീട്ടില്‍ വിളിച്ച് ചാത്തന്‍സേവയുടെ കാര്യം വീണ്ടും പറഞ്ഞു. നിങ്ങളുടെ സ്വര്‍ണവും പണവുമൊക്കെ ഇടയ്ക്ക് നോക്കണമെന്നും പറഞ്ഞു. അന്ന് ഞാന്‍ എവിടെയോ പോകാന്‍ നേരമായിരുന്നു ഇത്. അതിനാല്‍ അപ്പോള്‍ ഞാന്‍ മൈന്റ് ചെയ്തില്ല. ഭാര്യയും എന്തോ ജോലി തിരക്കിലായിരുന്നു. പിന്നീട് ഞങ്ങളത് വിട്ടുപോയി. രണ്ട് ദിവസം കഴിഞ്ഞ് ഓര്‍മ്മവന്നപ്പോളാണ് അലമാര നോക്കുന്നത്. ഒരു തരി സ്വര്‍ണമോ പണമോ അതിലുണ്ടായിരുന്നില്ല. ഒന്നേകാല്‍ ലക്ഷം രൂപയും ഏഴര പവനോളം സ്വര്‍ണാഭരണവുമാണ് അലമാരയില്‍ നിന്നും നഷ്ടമായത്. ഞാനാകെ തളര്‍ന്നു, സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി.

ഉടനെ ഭാര്യയോട് അയാളെ വിളിച്ച് കാര്യം പറയാന്‍ പറഞ്ഞു. ഞങ്ങള്‍ അയാള്‍ പറഞ്ഞത് ചാത്തന്‍സേവയുടെ കാര്യമാണ്. നമുക്ക് തിരിച്ച് പിടിക്കാമെന്നും അതിനുള്ള പണി താന്‍ ചെയ്യാമെന്നും പറഞ്ഞു. ആറുദിവസത്തിനുള്ളില്‍ താന്‍ വരുമെന്നും പറഞ്ഞു. മനസാന്നിധ്യം വീണ്ടെടുത്ത് ഞാന്‍ തന്നെ അയാളെ വിളിച്ചു. നാളെ തന്നെ എത്തണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ തന്നെ പറയാന്‍ ഭാര്യയോടും ആവശ്യപ്പെട്ടിരുന്നു. താന്‍ തമിഴ്നാട്ടിലാണെന്നും നാളെ എത്താനാവില്ലെന്നുമാണ് അയാള്‍ പറഞ്ഞത്. നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ മറ്റെന്നാള്‍ വരാമെന്ന് സമ്മതിച്ചു.

എട്ടാം അയാള്‍ വന്നു. അന്ന് നാലുമണിയോടെയാണ് ഇവിടെ എത്തിയെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. ഞാന്‍ മനസിലാക്കുന്നത് അതിനുമുമ്പ് തന്നെ അയാള്‍ വാടകയ്ക്കെടുത്ത റൂമില്‍ എത്തിയിട്ടുണ്ടെന്നാണ്. ആ സമയത്ത് ചെന്നൈയില്‍ നിന്നുമുള്ള ട്രെയിനുകളൊന്നും ഉണ്ടായിരുന്നില്ല. ചെന്നൈയില്‍ നിന്നാണ് അയാള്‍ വരുന്നതെന്ന് പറഞ്ഞത് കള്ളമാണെന്ന സംശയമുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ വീട്ടില്‍ വരുമെന്നും പണവും സ്വര്‍ണവും ചാത്തന്‍സേവയിലൂടെ തന്നെ എടുത്തുനല്‍കുമെന്നുമാണ് അയാള്‍ പറഞ്ഞത്. എങ്ങനെയായാലും അത് കിട്ടണമെന്നുള്ളത് കൊണ്ട് ഇതെല്ലാം അയാളുടെ തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ സമ്മതിച്ചു. പത്തുമണിയോടെ വീട്ടിലെത്തുമെന്ന് എന്നോട് പറഞ്ഞ ഇയാള്‍ ഭാര്യയോട് വൈകുന്നേരം അഞ്ചുമണിക്ക് എത്തുമെന്നാണ് പറഞ്ഞിരുന്നു. റൂമിലേക്ക് വിളിക്കാന്‍ ചെല്ലാനും എന്നെ ഏല്‍പ്പിച്ചിരുന്നു. പത്തുമണിക്ക് എത്താതായതോടെയാണ് വൈകുന്നേരം വരുമെന്നാണ് പറഞ്ഞതെന്ന് ഭാര്യ എന്നോട് പറഞ്ഞത്. സംശയം തോന്നിയ ഞാന്‍ ഇയാളുടെ മുറിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ അയാളെ വിളിക്കരുതെന്ന് ഭാര്യയോട് പറഞ്ഞിരുന്നു, എന്നാല്‍ സ്വര്‍ണവും പണവും കിട്ടിയില്ലെങ്കിലോയെന്ന് ഭയന്ന് അവള്‍ വീണ്ടും അയാളെ വിളിച്ചിരുന്നു. റൂമിന് മുന്നിലെത്തിയപ്പോള്‍ അത് പൂട്ടിയ നിലയിലായിരുന്നു. ഞാനയാളെ വിളിച്ചപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു സുഹൃത്തിനെ കൊണ്ടുചെന്നാക്കാന്‍ വന്നതാണെന്ന് പറഞ്ഞു. ഭാര്യ വിളിച്ച് പണം നഷ്ടപ്പെട്ടതിന് ദേഷ്യപ്പെട്ടെന്നും പറഞ്ഞു. ഉടനെ തിരിച്ചുവരണമെന്ന് ഞാന്‍ നിര്‍ബന്ധം പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സ്വിച്ച്ഡ് ഓഫ് ആക്കുകയും ചെയ്തു.

കയ്യിലുള്ള പല നമ്പറുകളിലും മാറിമാറി വിളിച്ചെങ്കിലും അതെല്ലാം ഓഫ് ചെയ്തിരുന്നു. അങ്ങനെയാണ് മുമ്പ് ഗൂഗിള്‍ പേ ചെയ്യാന്‍ തന്ന നമ്പറില്‍ വിളിച്ചത്. വിളിച്ചപ്പോള്‍ മാഹിയിലെ ഒരു ലോഡ്ജിലേതാണെന്ന് മനസിലായി. അയാള്‍ അവിടെയുണ്ടെന്ന് അറിഞ്ഞതോടെ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കൂടെ അയച്ച എസ്.ഐയ്ക്കൊപ്പം മാഹിയിലെ ലോഡ്ജില്‍ എത്തുകയും ചെയ്തു. മുറിയില്‍ അയാള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അയാളുടെ ബാഗുകളും സാധനങ്ങളും അവിടെയുണ്ടായിരുന്നു. ഉച്ചവരെ പൊലീസ് കാത്തിരുന്നു. പിന്നീട് പൊലീസ് എന്നോടും എന്റെ ഒരു സുഹൃത്തിനോടും അവിടെ നില്‍ക്കാന്‍ പറഞ്ഞശേഷം തിരിച്ചുപോയി.

ഇയാള്‍ എത്തിയാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് വരാതെ ഇയാളെ വിടരുതെന്നും ലോഡ്ജിലെ അസിസ്റ്റന്റ് മാനേജറോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മാനേജറെ വിളിച്ചും ഇക്കാര്യം പറഞ്ഞിരുന്നു. 24 മണിക്കൂറോളം ഞങ്ങള്‍ അവിടെ കാത്തിരുന്നെങ്കിലും അയാള്‍ എത്തിയില്ല. പിന്നീട് കേസ് നടപടികള്‍ക്കായി വീണ്ടും പയ്യോളി സ്റ്റേഷനിലെത്തി. ഇതിനിടയില്‍ അയാള്‍ ലോഡ്ജില്‍ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസിനൊപ്പം ഞങ്ങള്‍ അവിടെ എത്തിയെങ്കിലും ബാഗുകളുമായി അയാള്‍ മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.