കൂലിപ്പണിക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; വഴിത്തിരിവായത് പേരാമ്പ്ര പച്ചക്കറിക്കടയിലെ ജോലി, കായണ്ണയിലെ വിവാദ സന്യാസി ചാരുപറമ്പില്‍ രവിയെ അറിയാം



കായണ്ണബസാര്‍:
കായണ്ണ ചന്ദനയല്‍ ചാരുപറമ്പില്‍ ആള്‍ദൈവത്തിന്റെ ക്ഷേത്രത്തില്‍ പോയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചതോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചാരുപറമ്പില്‍ രവി എന്ന ആള്‍ ദൈവത്തെ കാണാന്‍ പോയവരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇയാളെ ബാലാവകാശ നിയമപ്രകാരം കാക്കൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല ആളുകളെയും ചൂഷണം ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഇവിടെയ്ക്ക് വരുന്ന ആളുകളെ പിന്തിരിപ്പിച്ച് അയക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ ഒരു ഓട്ടോയിലും നാല് കാറിലും വന്ന ആളുകളെ തിരിച്ചയക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ സാധാരണ നാടന്‍പണിക്ക് പോയിരുന്ന ആളാണ് രവി, എന്നാല്‍ ഇന്നയാളുടെ ആസ്തി ഏകദേശം പത്ത് കോടിക്ക് മുകളിലുണ്ട്. ആള്‍ദൈവം എന്ന പരിവേഷത്തിലൂടെയാണ് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു വളര്‍ച്ച രവിക്ക് സാധ്യമായത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരാമ്പ്രയിലെ ഒരു പച്ചക്കറി കടയിലെ ജോലിയാണ് രവിയുടെ ജീവിതത്തെ മാറ്റി മറിച്ചത്. കടയില്‍ വരാറുള്ള മൂരികുത്തി സ്വദേശിനിയായ ആള്‍ദൈവവുമായി ഇയാള്‍കൂട്ടാകുന്നു. രാവിലെ അവരുടെ വീട്ടിലെത്തുന്ന ഭക്തരുടെ വിവരങ്ങള്‍ എഴുതിവെയ്ക്കുക എന്നതായിരുന്നു രവിയുടെ ജോലി. രണ്ടരമണിക്കൂറിലെ ജോലിക്ക് നൂറ് രൂപ കൂലിയായും അവര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പച്ചക്കറികടയിലെത്തും. എന്നാല്‍ ആള്‍ദൈവങ്ങള്‍ക്ക് പൂട്ടിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്ന് മൂരികുത്തിയിലുള്ള സ്ത്രീയും പോലീസ് പിടിയിലായി. തുടര്‍ന്നാണ് മുഴുവന്‍ സമയവും വിശ്വാസവുമായി നടക്കാന്‍ രവിയെ പ്രേരിപ്പിച്ചത്.

തിരുവിതാംകൂറില്‍ നിന്ന് കായണ്ണയിലേക്ക് കുടിയേറി പാര്‍ത്തതാണ് രവിയുടെ പൂര്‍വ്വികര്‍. കുടുംബ ക്ഷേത്രമുണ്ടെന്നും പറഞ്ഞാണ് ആദ്യമിയാള്‍ കായണ്ണയിലെ സ്വന്തം സ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കുന്നത്. കുടുംബക്കാരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. വീടിനോട് ചേര്‍ന്ന് അമ്പലം പണിത് കര്‍മങ്ങള്‍ നടത്തി ‘സിദ്ധനെന്ന പരിവേഷം കരസ്ഥമാക്കി. പൂര്‍വ്വിക സങ്കല്‍പ്പങ്ങള്‍ക്ക് പുറമേ ഭഗവതിയെയും ഇവിടെ പ്രതിഷ്ഠിച്ചിരുന്നു. 50 ലക്ഷം മുടക്കിയാണ് ഭഗവതി പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. അമ്പലത്തിലെത്തുന്ന ഭക്തന്മാരുടെ വിവരങ്ങള്‍ ബ്രോക്കന്മാരുടെ സഹായത്തോടെ ശേഖരിക്കും. ഇതവര്‍ക്ക് മുന്നില്‍ പറഞ്ഞാണ് ഇയാള്‍ വിശ്വാസം നേടിയെടുക്കാറ്. ഇതോടെ മാനസികമായും കുടുംബപരമായും പ്രയാസങ്ങള്‍ നേരിടുന്നവര്‍ ഇയാളുടെ വാക്ചാതുര്യത്തില്‍ വീണ് അന്ധവിശ്വാസികളായി മാറുന്നു. പ്രശ്നപരിഹാരത്തിനായി എത്തുന്ന വിധവകള്‍, വിവാഹമോചിതര്‍ ഉള്‍പ്പടെയുള്ള സ്ത്രീകളെ വശത്താക്കി ഇയാള്‍ ചൂഷണം ചെയ്തിരുന്നു.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇവിടെ ദര്‍ശനമുണ്ടായിരുന്നത്. ഞായര്‍, ചൊവ്വ, വെള്ളി എന്നിങ്ങനെ. വെള്ളിയാഴ്ച പ്രശ്നപരിഹാരത്തിനുള്ള ദിവസമായാണ് പറയപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് സിദ്ധനെ തേടിയെത്തിയിരുന്നതെങ്കില്‍ പിന്നീടത് ജില്ല കടന്ന് അന്യസംസ്ഥാനംവരെ എത്തി. പൂജയ്ക്കായി എത്തുന്ന സ്ത്രീകള്‍ ദിവസങ്ങളോളും ഇവിടെ താമസിക്കുന്നതും പതിവായി. പൂജാ കര്‍മ്മങ്ങള്‍ക്കൊപ്പം മൃഗബലിയും, ഉറഞ്ഞുതുള്ളലുമുണ്ടായിരുന്നു. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ക്ഷേത്രത്തില്‍ ഉത്സവവും നടത്തിരുന്നു. സിനിമാ താരങ്ങളായ ഉണ്ടപക്രു, കവിയൂര്‍ പൊന്നമ്മ എന്നിവരും ഉത്സവത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

സ്ത്രീ വിഷയത്തില്‍ തല്‍പരനായ രവി ക്ഷേത്രത്തില്‍ പ്രശ്നപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെ പൂജയുടെ മറവില്‍ സാമ്പത്തികമായും ശാരീരികമായും ചുഷണം ചെയ്തിരുന്നു. ഇത്തരത്തിലൊരു സംഭവത്തോടെയാണ് ഇയാളുടെ കപടമുഖം സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടിയത്. പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതിന് രവി അറസ്റ്റിലായതാണ് സംഭവങ്ങളുടെ തുടക്കം.

അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകന്‍ നല്‍കിയ പരാതിയിലാണ് കാക്കൂര്‍ പോലിസ് കേസെടുത്തത്. മകന്റെ പരാതിയില്‍ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിന് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ യുവതി റിമാന്‍ഡിലാവുകയും ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രവിയും യുവതിയും ഫോണില്‍ സംസാരിച്ചത് 2858 തവണ. പ്രതിയും യുവതിയും വിവിധ ഇടങ്ങളില്‍ താമസിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു എന്ന പേരില്‍ രവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൊട്ടന്തറക്ക് സമീപം മാട്ടനോട് ചന്ദനം വയലിലെ വീട്ടില്‍ നിര്‍മിച്ച ചാരുപറമ്പില്‍ ക്ഷേത്രത്തിലേക്ക് വരുന്നവരെ സാമ്പത്തികമായി ചൂഷണചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിനായിരുന്നു കേസ്. തുടര്‍ന്ന് രാഷ്ട്രീയപാര്‍ടികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രതിഷേധം ശക്തമായതോടെ ഇവിടേക്ക് ആളുകള്‍ വരാതായി.

എന്നാല്‍ ഇപ്പോള്‍ വീണ്ടും പൂജയും മന്ത്രവാദങ്ങളുമായി രവി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കൂടാതെ ക്ഷേത്രത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഹനുമാന്‍ സേനയുടെയും സഹായം തേടിയിരിക്കുകയാണ് രവി. അതോടൊപ്പം രാഷ്ട്രീയപാര്‍ടികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമായതോടെ ഇവിടേക്ക് ആളുകള്‍ വരാതായി. ഇതില്‍ പ്രകോപിതനായ രവിയും കൂട്ടാളികളും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും നാട്ടുകാര്‍ പറയുന്നു. വ്യാജ ആള്‍ദൈവത്തിന്റെ മറവില്‍ രവി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.