വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു; പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി വയനാടിനായി നൽകുന്നത് സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക
പേരാമ്പ്ര: വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു. ഇത് നമുക്കോരോരുത്തർക്കും അഭിമാനമാണ് . പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി നൈപുണ്യ വയനാടിനായി നൽകുന്നത് തന്റെ സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക.
നൈപുണ്യ സ്വന്തമായെടുത്ത തീരുമാനമാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നത്.തങ്ങളോട് ഇത് മകൾ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. വെങ്ങപ്പറ്റ ജി.എച്ച് എസിൽ ആറാം ക്ലാസിലാണ് നൈപുണ്യ പഠിക്കുന്നത്. മകളുടെ ഈ സദുദ്ദേശം സ്കൂൾ പി ടി എ, പ്രസിഡന്റ് , ക്ലാസ് ടീച്ചർ എന്നിവരെ വിളിച്ച് അറിയിച്ചു. അവരും നൈപുണ്യയുടെ പ്രവൃത്തിയെ പ്രശംസിച്ചെന്ന് നൈപുണ്യയുടെ അമ്മ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
നാളെ രാവിലെ സമ്പാദ്യ പദ്ധതിയിലെ 15700 രൂപ സ്കൂളിൽ നിന്നും അനുവദിച്ച് തരാമെന്ന് ടീച്ചർ അറിയിച്ചിട്ടുണ്ട്. അത് വാങ്ങിയ ശേഷം കോഴിക്കോട് കലക്ട്രേറ്റിലേക്ക് പോകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കലക്ടർക്ക് നൈപുണ്യ കൈമാറും. .കോടേരി കുനിയിൽ പി.സി ബിജു നിഷ ദമ്പതികളുടെ മകളാണ് നൈപുണ്യ.