വീട് വൃത്തിയാക്കാന്‍ മടിയാണോ? ആ മടി അത്ര നല്ലതതിനല്ലെന്ന് പഠനം, നിങ്ങളെ പിടികൂടാന്‍ പോകുന്നത് ഗുരുതര രോഗം


വീട് വൃത്തിയാക്കാന്‍ മടിപിടിച്ചിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഇന്ന് കരുതും നാളെയാവട്ടെയെന്ന്, നാളെ അടുത്തദിവസമാകട്ടെയെന്നും. അങ്ങനെ നീണ്ടുനീണ്ട് പോകും. എന്നാല്‍ ഈ മടി അത്ര നല്ലതിനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീടിനുള്ളിലെ പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പല്‍, ബാക്ടീരിയ, മൈക്രോ ടോക്‌സിനുകള്‍ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരുന്നാല്‍ പൊടിപടലങ്ങളുടെ തോത് കൂടൂകയും രോഗങ്ങള്‍ പതിവാകുകയും ചെയ്യും.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 2.5 മൈക്രോണോ അതില്‍ കുറവോ വലിപ്പമുള്ള സൂക്ഷ്മ കണികളുമായുള്ള സമ്പര്‍ക്കം വളരെ അപകടകരമാണ്. പി.എം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 40 മൈക്രോണ്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങള്‍ മാത്രമാണ് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്.

ഇതിനും താഴെയാണെങ്കില്‍ പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളിലൂടെ രക്തത്തില്‍ കലരാനും ചുമ, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം ഇത് തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷ്ണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകളും പരിസ്ഥിതി സൗഹൃദ ക്ലീനിങ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാം. കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുകയും വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വെക്കുന്നതും ശുദ്ധ വായു ലഭിക്കാന്‍ സഹായിക്കും.

Description: indoor-dust-can-cause-cancer