‘കാഫിര്‍’ വിവാദത്തില്‍ പാറക്കല്‍ അബ്ദുള്ളക്ക് വടകരയിലെ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ വക്കീല്‍ നോട്ടീസ്; പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി
വടകര: ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്ക് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തി സമൂഹത്തില്‍ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്.
മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറക്കല്‍ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമായി. ഈ ഫേസ്ബുക്ക് പോസ്റ്റ് കാരണം തന്നെ ആളുകള്‍ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പോകുമ്ബോള്‍ ആളുകള്‍ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീല്‍ നോട്ടീസില്‍ വിവരിച്ചിട്ടുണ്ട്.
വടകരയിലെ പ്രമുഖ അഭിഭാഷകൻ
അഡ്വക്കറ്റ് രാംദാസ് മുഖേനയാണ് റിബേഷ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വടകര ആറങ്ങോട്ട് എൽപി സ്കൂൾ അധ്യാപകനായ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമാണ്.