മണ്ണിടിച്ചിൽ അപകട ഭീഷണിയിലുള്ള താമസക്കാരുടെ ഭൂമി ഏറ്റെടുക്കണം; മീത്തലെ മുക്കാളിയിൽ സന്ദർശനം നടത്തി ഷാഫി പറമ്പിൽ എം.പി


വടകര: ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം.പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ അറിയിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഷാഫി പറഞ്ഞു.

ഇരുഭാഗത്തും താമസിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, എൻ.വേണു, പി.ബാബുരാജ്, കുളങ്ങര ചന്ദ്രൻ, പ്രദീപ് ചോമ്പാല, എൻ.പി .അബ്ദുള്ള ഹാജി, നസീർ വീരോളി, കെ പി രവീന്ദ്രൻ എന്നിവരോടൊപ്പമായിരുന്നു എം.പി സ്ഥലം സന്ദർശിച്ചത്.

ജൂലൈ ഒന്നിനാണ് മീത്തലെ മുക്കാളി ദേശീയ പാതയിൽ അപകടകരമായ നിലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. 30 മീറ്ററോളം ഉയരത്തിൽ മണ്ണ് അടർന്ന് നേരെ പാതയിലേക്ക് പതിക്കുകയായിരുന്നു. 2 ദിവസമാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. ബാക്കി 100 മീറ്ററോളം നീളത്തിൽ ഇടിയാൻ പാകത്തിലാണ് ഉള്ളത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ അറിയാത്ത അതിഥിത്തൊഴിലാളികൾ തോന്നുംപടി മണ്ണ് ഇടിച്ചു താഴ്ത്തുന്നതാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

മണ്ണ് ഇടിഞ്ഞതോടെ മുകളിലുള്ള നാല് വീടുകൾ ഭീഷണിയിലായി. നേരത്തേ പഴയ പാതയുടെ പണി നടക്കുമ്പോൾ ഇതു പോലെ പല തവണ മണ്ണ് ഇടിഞ്ഞിരുന്നു. അന്ന് റോ‍ഡിന്റെ ഇരു ഭാഗത്തുമുള്ള 7 കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി മാറ്റി പാർപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇടിച്ചിൽ ബാധിക്കില്ലെന്ന ഉറപ്പിൽ അനുമതി കിട്ടി വീട് പണി തുടങ്ങിയ ചില വീട്ടുകാരും ഇപ്പോൾ അപകട ഭീഷണിയിലാണ്.