മലയോര ഹൈവേ റൂട്ട് ഒറ്റക്കണ്ടം വഴിയാക്കി മാറ്റാനുള്ള തീരുമാനം; പ്രദേശത്തെ റോഡ് വീതികൂട്ടുന്നതില്‍ എതിര്‍പ്പുമായി സ്ഥലമുടമകള്‍


പേരാമ്പ്ര: മലയോര ഹൈവേയുടെ റൂട്ടുമാറ്റത്തില്‍ എതിര്‍പ്പുമായി സ്ഥല ഉടമകള്‍. മുള്ളന്‍കുന്നില്‍ നിന്ന് പെരുവണ്ണാമൂഴി വരെയുള്ള റീച്ചിലെ റൂട്ട് ഒറ്റക്കണ്ടം വഴിയാക്കി മാറ്റാനുള്ള തീരുമാനത്തില്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര വഴി പെരുവണ്ണാമൂഴിയിലേക്ക് എത്താനുള്ള റൂട്ടാണ് ഒടുവില്‍ നിര്‍മാണ ചുമതലയുള്ള കേരളറോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് റോഡ് 12 മീറ്ററായി വീതികൂട്ടാനുള്ള സ്ഥലം അളന്ന് നിര്‍ണയിക്കുകയും ചെയ്തു.

നേരത്തെ മുള്ളന്‍കുന്നില്‍ നിന്ന് ചെമ്പനോട വഴിയുള്ള റൂട്ടാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ വനമേഖല വരുന്നതിനാല്‍ അനുമതി ലഭിക്കാന്‍ പ്രയാസകരമാണെന്ന് പറഞ്ഞാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പുതിയ അലൈന്‍മെന്റ് തയ്യാറാക്കിയത്.

പണം നല്‍കി സ്ഥലമെടുപ്പില്ലാത്തതിനാല്‍ സ്ഥലമുടമകള്‍ സൗജന്യമായി വിട്ടുനല്‍കുന്ന ഭൂമിയാണ് മലയോരഹൈവേ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ആറുമീറ്ററാണ് പന്തിരിക്കര ഒറ്റക്കണ്ടം റൂട്ടില്‍ നിലവില്‍ റോഡുള്ളത്. ഇപ്പോഴത്തെ റോഡിനോട് വളരെ അടുത്ത് തന്നെ വീടുള്ള മേഖലയാണ് പന്തിരിക്കര മുതല്‍ പുല്ലാഞിക്കാവ് വരെ. മൂന്ന് സെന്റ് മുതല്‍ പത്ത് സെന്റ് വരെ ചുരുങ്ങിയ ഭൂമി കൈവശമുള്ളവര്‍ ഒട്ടേറെയുണ്ട്. റോഡിന്റെ രണ്ട് വശത്തുമായി വീതി കൂട്ടുമ്പോള്‍ പലരുടേയും വീടിന്റെ വരാന്ത വരെ റോഡില്‍ ഉള്‍പ്പെട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് മലയോര ഹൈവേ പ്രതിരോധ ജനകീയ സമിതി കണ്‍വീനര്‍ ജേക്കബ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു.

ചങ്ങരോത്ത് പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ളവര്‍ക്കാണ് ഇത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്. സ്ഥലമെടുപ്പ് നടന്നാല്‍ എട്ട് കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗ ശൂന്യമാകുമെന്ന് സ്ഥലമുടമകള്‍ പറയുന്നു. 11 കെ.വി. വൈദ്യുത ലൈന്‍ ഉള്‍പ്പടെ വീടിന് മുകളിലൂടെയാകും മാറ്റി സ്ഥാപിക്കേണ്ടി വരികയെന്ന ആശങ്കയും വീട്ടുകാര്‍ക്കുണ്ട്. റോഡില്‍നിന്ന് അകലം വിടേണ്ടി വരുമ്പോള്‍ ഭാവിയില്‍ വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തടസ്സമാകുമെന്നും ഇവര്‍ പറയുന്നു.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലും ഇപ്പഴത്തെ റോഡിന്റെ ചേര്‍ന്നാണ് കടന്നുപോകുന്നത്. ഇതെല്ലാം പരിഗണിച്ച് ഒറ്റക്കണ്ടം പന്തിരിക്കര വഴി റൂട്ട് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് സമിതിയുടെ ആവശ്യം.

നാല്‍പതിലധികം പേര്‍ പങ്കെടുത്ത് പ്രദേശവാസികള്‍ യോഗം ചേര്‍ന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, എം.എല്‍.എ., കെ.ആര്‍.എഫ്.ബി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യം ആവശ്യപ്പെട്ട് നിവദനവും നല്‍കിയിട്ടുണ്ട്.